parunthumpara
ഇന്നലെ പരുന്തുംപാറയിൽ അനുഭവപ്പെട്ട ടൂറിസ്റ്റുകളുടെ തിരക്ക്‌

പീരുമേട്: ക്രിസ്മസ് അവധിയും തുടർന്നുള്ള അവധികാലവും അടിച്ചുപൊളിച്ച് ആഘോഷിക്കാൻ പരുന്തുംപാറയിൽ ഒരാഴ്ചയിൽ എത്തിയത് പതിനായിരങ്ങൾ. ഒറ്റ ദിവസം കൊണ്ട് യാത്ര ചെയ്ത് മടങ്ങി പോകാൻ കഴിയുന്ന ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ ടൂറിസ്റ്റുകൾ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് പരുന്തുംപാറ. കഴിഞ്ഞ ഒരാഴ്ചയായി അസാമാന്യമായ തിരക്കാണ് അനുഭവപ്പെടുന്നത്. ദേശീയപാതയിലും മണിക്കൂറോളം വാഹനങ്ങൾ തടസ്സം നേരിട്ടു. തേക്കടിയിലും വാഗമണ്ണിനും എത്തുന്ന സഞ്ചാരികൾ ദേശീയപാതയിൽ സംഗമിക്കുന്ന സ്ഥലമാണ് കുട്ടിക്കാനം. കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയുള്ള ദേശീയപാതയിൽ മണിക്കൂറുകളോളം സഞ്ചാരികളുടെ വാഹന വ്യൂഹമായിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും വൈകിട്ട് ആറ് മുതൽ കഠിനമായ മൂടൽ മഞ്ഞ് അനുഭവപ്പെതോടെ വാഹനം മുമ്പോട്ട് പോകാൻ കഴിയാതെ തടസ്സം നേരിട്ടു. വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, വാഗമൺ, പാഞ്ചാലിമേട് തുടങ്ങിയ കേന്ദ്രങ്ങളിലെ ടൂറിസ്റ്റുകളും കുട്ടിക്കാനത്ത് എത്തുന്നതോടെ വൻ തിരക്ക് അനുഭവപ്പെട്ടു.