suresh
സ്‌നേഹാരമത്തിന്റെ ഉദ്ഘാടനം വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കരി നിർവ്വഹിക്കുന്നു

കുമളി: പുറ്റടി കമ്പംമെട്ട് റോഡിൽ നെറ്റിത്തൊഴുവിന് സമീപത്തെ പാലാക്കണ്ടത്തിലെ സർക്കാർ ഭൂമിയുടെ കാഴ്ച ഇനിമുതൽ നാട്ടുകാർക്ക് ഏറെ സന്തോഷം പകരുന്നതായിരിക്കും. അൽപ്പസമയം ഇടുക്കിയുടെ തണുത്ത കാറ്റ് കൊണ്ട് വിശ്രമിക്കാനും പൂച്ചെടികളുടെ ഭംഗി ആവോളം ആസ്വദിക്കാനും കഴിയും വിധം ഇവിടം സ്‌നേഹാരാമമാക്കി മാറ്റിയിരിക്കുകയാണ്. വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് കേരള ശുചിത്വ മിഷനുമായും പഞ്ചായത്ത് വകുപ്പുമായും സഹകരിച്ചാണ് വിദ്യാർത്ഥികൾ സ്‌നേഹാരാമം തയ്യാറാക്കിയത്. മാലിന്യങ്ങളാൽ നിറഞ്ഞ ഈ ഭാഗം, സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് എൻ.എസ് .എസ് വോളണ്ടിയേഴ്‌സ് മനോഹരമാക്കിയത്. പൂച്ചെടികളും ഫലവൃക്ഷ തൈകളും നട്ടുപിടിപ്പിച്ചതോടൊപ്പം ഉപയോഗശൂന്യമായ ചില്ലുകുപ്പികളിൽ പെയിന്റിങ് നടത്തി ആകർഷണീയവുമാക്കി. നാട്ടുകാരുടെയും പൗര പ്രമുഖരുടെയും സാന്നിധ്യത്തിൽ വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരേഷ് മാനങ്കേരിയിലാണ് സ്‌നേഹാരാമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ പ്രിൻസിപ്പൽ ഫിറോസ് സി.എം , വാർഡ് മെംബർ സിസിലി സജി, പി.ടി.എ പ്രസിഡന്റ് ഷോജി മാത്യു, പ്രോഗ്രാം ഓഫീസർ അബ്ദുൾ റഷീദ് പി.പി, വോളണ്ടിയർ ലീഡർ അമൃത മുരളീധരൻ എന്നിവർ സംസാരിച്ചു.