തൊടുപുഴ: ലോകമെങ്ങും പുതുവത്സരമാഘോഷിക്കുമ്പോൾ കുഞ്ഞു ക്ഷീര കർഷകനായ മാത്യു ബെന്നിയ്ക്കും കുടുംബത്തിനുമത് സങ്കടരാവായി മാറി. തങ്ങൾ മക്കളെ പോലെ ആറ്റുനോറ്റു പരിപാലിച്ചിരുന്ന പശുക്കൾ ഒന്നൊന്നായി പിടഞ്ഞ് വീണ് ചാകുന്നത് നിസഹായതയോടെ നോക്കിനിൽക്കാൻ മാത്രമാണ് മാത്യുവിനും കുടുംബാംഗങ്ങൾക്കുമായത്. 22 കന്നുകാലികളിൽ 13ഉം ചത്തതോടെ എന്ത് ചെയ്യണമെന്നറിയാതെ മാത്യു തളർന്നു വീണു. മാത്യുവിനൊപ്പം അമ്മ ഷൈനി, സഹോദരി റോസ്‌മേരി എന്നിവരെയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണ്. കപ്പത്തൊലി ഉള്ളിൽ ചെന്നതാണ് പശുക്കൾ ചാകാനിടയാക്കിയതെന്നാണ് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞത്. പ്രീമിയംതുക താങ്ങാനാവാത്തതിനാൽ പശുക്കൾക്ക് ഇൻഷുറൻസ് എടുത്തിരുന്നില്ല. മൂന്ന് പശുക്കളുടെ നില ഇപ്പോഴും ഗുരുതരമാണ്. കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു പശു വളർത്തൽ.

അപ്രതീക്ഷിത ദുരന്തത്തിൽ നാടൊന്നാകെ മാത്യുവിന് പിന്തുണയുമായെത്തി. മന്ത്രി ചിഞ്ചുറാണി ഫോണിൽ വിളിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. മന്ത്രി ഇന്ന് രാവിലെ ഫാം സന്ദർശിക്കും. പി.ജെ. ജോസഫ് എം.എൽ.എ ഫാം സന്ദർശിച്ച് എല്ലാ സഹായവും ഉറപ്പ് നൽകി. കുടുംബത്തിന് ഉപാധി രഹിതമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് കർഷകസംഘം ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് സജി ആലയ്ക്കാത്തടം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ. ജേക്കബ്,​ മിൽമ ചെയർമാൻ എം.ടി. ജയൻ, ഇടുക്കി മിൽമ കർഷക സംഘം അസോസിയേഷൻ ചെയർമാൻ ഡോ. കെ. സോമൻ, പഞ്ചയത്ത് പ്രസിഡന്റ് ഇന്ദു ബിജു, പഞ്ചായത്തംഗങ്ങളായ പോൾ സെബാസ്റ്റ്യൻ, വി.കെ കൃഷ്ണൻ എന്നിവർ സംഭവസ്ഥലത്ത് എത്തിയിരുന്നു. കത്തോലിക്കാ കോൺഗ്രസിന്റെ അനുബന്ധ സംഘടനയായ ഹാർട്ട് ലിങ്‌സിന്റെ നേതൃത്വത്തിൽ കുടുംബത്തിന് ഒരു പശുവിനെ വാങ്ങി നൽകാമെന്നും തുടർന്നും സഹായങ്ങൾ ചെയ്യുമെന്നും അഡ്വ. ബിജു പറയനിലം പറഞ്ഞിട്ടുണ്ട്.

മാത്യുവിന്റെ കഥ ആദ്യമറിയിച്ചത് കേരളകൗമുദി

ക്ഷീരകർഷകനായ പിതാവ് തൊടുപുഴ വെള്ളിയാമറ്റം കറുകപ്പള്ളി കിഴക്കേപറമ്പിൽ ബെന്നിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് 14 പശുക്കളുടെ ചുമതല ഏറ്റെടുത്ത എട്ടാം ക്ലാസുകാരന്റെ ജീവിതം കേരളകൗമുദിയാണ് പുറംലോകത്തെ അറിയിച്ചത്. ഇതുകണ്ട് മന്ത്രി ചിഞ്ചുറാണി മാത്യുവിനെ ഫോണിൽ വിളിക്കുകയും പശുക്കൾക്ക് തൊഴുത്ത് നിർമ്മിക്കുന്നതിന് സാമ്പത്തിക സഹായവും ചെയ്തിരുന്നു. 2020 ഒക്ടോബറിലാണ് ബെന്നി മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരിച്ചത്. പ്രായമായ അച്ഛനെയും മൂന്ന് മക്കളെയും നോക്കുന്നതിനൊപ്പം ബെന്നിയില്ലാതെ പശുപരിപാലനം ഷൈനിക്ക് ബുദ്ധിമുട്ടായി. പുല്ല് വെട്ടുന്നതും പാല് കറക്കുന്നതും മറ്റും ബെന്നിയുടെ ഭാര്യ ഷൈനിക്ക് പ്രയാസമായതോടെ പശുക്കളെ വിൽക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞതോടെ മാത്യുവിന് ഏറെ സങ്കടമായി. പശുക്കളെ കൊടുക്കരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും അവൻ അമ്മയോട് പറഞ്ഞു. മകന്റെ നിർബന്ധത്തിന് അമ്മ വഴങ്ങുകയായിരുന്നു. പിന്നീട് പശുക്കൾക്കൊപ്പം കുടുംബത്തിന്റെ ഭാരം കൂടി ഈ 13 കാരൻ ഏറ്റെടുത്തു. പിതാവ് ബെന്നി മരിക്കുമ്പോൾ 10 പശുക്കളാണുണ്ടായിരുന്നത്. പിന്നീട് അത് 22 ആയി. സഹോദരങ്ങളായ ജോർജും റോസ്‌മേരിയും മാത്യുവിനെ സഹായിക്കാനുണ്ട്.