തൊടുപുഴ: നിയമസഭാ ഏകകണ്ഠമായി പാസാക്കിയ ഭൂപതിവ് ഭേദഗതി നിയമത്തിൽ ഗവർണർ ഒപ്പ് വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിലെ ജനങ്ങളുടെ വികാരമേറ്റെടുത്ത് എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒമ്പതിന് മലയോര ജനത രാജ്ഭവനിലേയ്ക്ക് മാർച്ച് നടത്തുമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ, സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ കേരളാ കോൺഗ്രസ്(എം)ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ എന്നിവർ തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ 3 മാസമായി മിയമഭേദഗതി ബില്ലിൽ ഒപ്പിടാതെ ഗവർണർ അടയിരിക്കുകയാണെന്ന് നേതാക്കൾ പറഞ്ഞു. നിയമ ഭേദഗതിയിൽ ഒപ്പ് വെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ കർഷകരുടെ പേരിൽ പ്രവർത്തിക്കുന്ന ചില സംഘടനകൾ ഗവർണർക്ക് നിവേദനം നൽകുകയും ചെയ്തു. ജില്ലയിലെ കൃഷിക്കാരെ ഒറ്റുകൊടുക്കുന്ന കർഷക ദ്രോഹികളെ മലയോര ജനത തിരിച്ചറിയണം. ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേർക്കണമെന്നാവശ്യപ്പെടുന്ന വിധ്വംസക സംഘടനകളും ഈ കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് ജില്ലയിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള ആയിരങ്ങളെ അണിനിരത്തി രാജ്ഭവൻ മാർച്ച് നടത്തുന്നതെന്ന് നേതാക്കൾ വ്യക്തമാക്കി.

സമര സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജില്ലയിലെ 52 പഞ്ചായത്ത് കേന്ദ്രങ്ങളിലും 2 മുൻസിപ്പൽ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തുന്ന പ്രകടനങ്ങളും സമ്മേളനങ്ങളും 5,6,7 തീയതികളിൽ നടക്കുമെന്നും നേതാക്കൾ അറിയിച്ചു.

രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കാൻ വരുന്നവർ 9ന് രാവിലെ 9 മണിക്ക് റാന്നി മന്ദമാരുതിയിൽ കേന്ദ്രീകരിക്കും. ഉച്ചകഴിഞ്ഞ് 2 മണിയോടെ പാളയത്ത് കേന്ദ്രീകരിച്ച് അവിടെ നിന്ന് രാജ്ഭവനിലേയ്ക്ക് മാർച്ച് ചെയ്യും. രാജ്ഭവൻ മാർച്ചിനോട് അനുബന്ധമായി ചേരുന്ന പൊതു സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യ പ്രഭാഷണം നടത്തും. എൽ.ഡി.എഫ് സംസ്ഥാന കൺവീനർ ഇ.പി. ജയരാജൻ, ജോസ് കെ. മാണി, പി.സി. ചാക്കോ, മാത്യു ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, എം.ജെ. ജോസഫ്, വർഗീസ് ജോർജ് തുടങ്ങിയവർ സംസാരിക്കും.

വാർത്താ സമ്മേളനത്തിൽ ജനതാദൾ ജില്ലാ പ്രസിഡന്റ് കെ.എൻ. റോയ്, എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, കേരളാ കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യൂ, ജില്ലാ പ്രസിഡന്റ് രതീഷ് അത്തിക്കുഴി, കേരളാ കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവ് സി.കെ. ജയകൃഷ്ണ്ൻ, ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ജബ്ബാർ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി.എം. അസീസ്, ആർ.ജെ.ഡി നേതാവ് എം.എ. ജോസഫ് എന്നിവർ പങ്കെടുത്തു.