അടിമാലി: കുഞ്ചിത്തണ്ണിക്ക് സമീപമുള്ള ചുനയംമാക്കൽ വിനോദസഞ്ചാരകേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം ആരംഭിച്ചു. മൂന്നാർ- രാജാക്കാട് പാതയിൽ വെള്ളത്തൂവൽ പഞ്ചായത്തിലെ എട്ടാം വാർഡിലെ എല്ലക്കല്ലിനടുത്ത് സ്ഥിതിചെയ്യുന്ന ആകർഷകമായ ഈ വെള്ളച്ചാട്ടം കാണാൻ ധാരാളം സഞ്ചാരികളാണ് ദിവസവും എത്തുന്നത്. സംസ്ഥാന സർക്കാരിന്റെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തിയാണ് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ തുടക്കമായിരിക്കുന്നത്. ടൂറിസം വകുപ്പിൽ നിന്ന് 50 ലക്ഷവും ഗ്രാമപഞ്ചായത്ത് വകയായി അനുവദിച്ചിട്ടുള്ള 50 ലക്ഷവും ചേർത്തുള്ള തുകയാണ് വകയിരുത്തിയിട്ടുള്ളത്. വികസന പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം അഡ്വ. എ. രാജ എം.എൽ.എ നിർവഹിച്ചു. റോഡ് നിർമ്മാണമാണ് ആദ്യഘട്ടമെന്ന നിലയിൽ ആരംഭിക്കുന്നത്. തൊഴിലുറപ്പിൽപ്പെടുത്തിയാകും നിർമ്മാണമെന്ന് പ്രസിഡന്റ് മഞ്ജു ബിജു പറഞ്ഞു. കർവ് ബ്രിഡ്ജ്, നടപ്പാത, ശൗചാലയം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമീപത്തു തന്നെയുള്ള ശ്രീ നാരായണപുരം വെള്ളച്ചാട്ടവും വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിട്ടുണ്ട്. ദിവസേന നൂറുകണക്കിന് സഞ്ചാരികൾ ഇവിടെയെത്തി മടങ്ങുന്നുണ്ട്. വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, വൈസ് പ്രസിഡന്റ് കെ.ആർ. ജയൻ, പഞ്ചായത്ത് അംഗങ്ങളായ കെ.ബി. ജോൺസൺ, ജാൻസി ജോഷി, മിസ്രി പരീക്കുട്ടി, ഷിബി എൽദോസ്, ജയ്‌സി ജോസഫ് എന്നിവർ പങ്കെടുത്തു.