തൊടുപുഴ: ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പുതുവത്സരം ആഘോഷിക്കാനെത്തിയത് പതിനായിരങ്ങൾ. ഡിസംബർ 23 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ മാത്രം ജില്ലയിലെത്തിയ സഞ്ചാരികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലാണ്. ഇതിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് ക്രിസ്മസ് ദിനത്തിലാണ്. 28233 പേർ. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയതാകട്ടെ വാഗമൺ കാണാനായാണ്. ക്രിസ്മസ്- ന്യൂ ഇയറുമായി ബന്ധപ്പെട്ട് തുടർച്ചയായി കിട്ടിയ രണ്ട് അവധികൾ ആഘോഷമാക്കാൻ സഞ്ചാരികൾ ഇടുക്കി തിരഞ്ഞെടുത്തതോടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും റസോർട്ടുകളുമെല്ലാം നിറഞ്ഞുകവിഞ്ഞു. വാഗമണ്ണുമടക്കം മൂന്നാറും തേക്കടിയും രാമക്കൽമേടുമടക്കമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മലയാളികൾക്ക് പുറമേ തമിഴ്‌നാട്, കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇടുക്കിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തി. മൂന്നാർ, വാഗമൺ, തേക്കടി എന്നിവിടങ്ങളിൽ വിരലിലെണ്ണാവുന്ന ഹോട്ടലുകളും റസോർട്ടുകളും മാത്രമാണ് ഒഴിവുണ്ടായിരുന്നത്. അടിമാലി- മൂന്നാർ റോഡ്, കുമളി തേക്കടി റോഡ്, കോട്ടയം വാഗമൺ റോഡ് എന്നിവിടങ്ങളിൽ ഗതാഗതകുരുക്കും അനുഭവപ്പെട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഉണർവ് വ്യാപാരമടക്കമുള്ള അനുബന്ധ മേഖലകളെയും സജീവമാക്കി.