തൊടുപുഴ: ഭൂമിയുടെ വില്പന ആധാരങ്ങളുമായി ബന്ധപ്പെട്ട് അണ്ടർ വാല്യുവേഷൻ എന്ന പേരിൽ റവന്യൂ റിക്കവറി നോട്ടീസ് അയക്കുന്ന സർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആധാരത്തിൽ വിലകുറച്ച് കാണിച്ചു എന്ന് ആരോപിച്ച് പതിനായിരത്തിൽപരം പേർക്കാണ് ഇടുക്കി ജില്ലയിൽ മാത്രം ജപ്തി നോട്ടീസ് നൽകിയിട്ടുള്ളത്. 1986- 2017 കാലഘട്ടത്തിൽ നടന്നിട്ടുള്ള ആധാരങ്ങൾ തപ്പിയെടുത്ത് സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടാണ് നിയമവിരുദ്ധമായ ഈ നടപടി സർക്കാർ സ്വീകരിച്ചിട്ടുള്ളത്. 1986 മുതലുള്ള ആധാരങ്ങളുടെ മേൽ ജപ്തി നോട്ടീസ് അയക്കാൻ സർക്കാരിന് അവകാശമില്ല. മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള പണമിടപാടുകളിൽ ജപ്തി നടത്താൻ സർക്കാരിന് അധികാരമില്ല. 1986ന് ശേഷം ഭൂമിയുടെ തറവില പലതവണ സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്രകാരം വർദ്ധിപ്പിച്ച തുക കൂടി വിലയായി കണക്കാക്കി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും മുൻകാല പ്രാബല്യത്തോടെ വർഷങ്ങൾക്കുശേഷം ഈടാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഭൂമി വില്പന നടത്തുന്നവരും വാങ്ങുന്നവരും ഭൂമിക്ക് നിശ്ചയിക്കുന്ന വിലയാണ് സ്റ്റാമ്പ് ആക്ട് പ്രകാരം ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഈടാക്കാൻ കഴിയുന്നത്. എന്നാൽ നിയമത്തിൽ പറയുന്ന പ്രാഥമിക നോട്ടീസുകൾ പോലും നൽകാതെ നേരിട്ട് റവന്യൂ റിക്കവറിക്ക് നോട്ടീസ് അയക്കുന്നത് വഞ്ചനയാണ്. വളഞ്ഞ വഴിക്ക് പണമുണ്ടാക്കാൻ സർക്കാർ നടത്തുന്ന കൊള്ളയാണ് ഈ നീക്കത്തിന് പിന്നിലുള്ളത്. ഭൂമി വിൽപ്പന നടത്തുന്ന സമയത്തെ വില മാത്രമേ അടിസ്ഥാനമാക്കാൻ കഴിയൂ. സർക്കാർ അയച്ചിട്ടുള്ള ജപ്തി നോട്ടീസ് പ്രകാരം ഈടാക്കാൻ നിർദ്ദേശിച്ചിട്ടുള്ള തുകയുടെ 25% മുൻകൂർ അടച്ചാൽ മാത്രമേ സർക്കാർ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ കഴിയൂവെന്ന് നിയമ ഭേദഗതി വരുത്തി കുറുക്കുവഴിയിലൂടെ അനർഹമായ പണം സ്വരൂപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുമൂലം റിക്കവറി നോട്ടീസിനെതിരെ കോടതിയെ സമീപിച്ചാലും സർക്കാർ നിയമവിരുദ്ധമായി നിശ്ചയിച്ച തുകയുടെ 25% കെട്ടിവയ്‌ക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. ഇങ്ങനെ ജനങ്ങളുടെ മേൽ കുരുക്ക് മുറുക്കി പണം പിടിച്ചുപറിക്കുന്ന നയമാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് കമ്മിറ്റി ആരോപിച്ചു. ഈ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.