tza
തൊടുപുഴയിൽ നടന്നു വരുന്ന മറൈൻ എക്‌സ്‌പോയിലെ ആഴക്കടലിലെ വിസ്മയ കാഴ്ചകൾ കാണുന്ന സഞ്ചാരികൾ

തൊടുപുഴ: കോലാനി- വെങ്ങല്ലൂർ ബൈപാസിൽ പുളിമൂട്ടിൽ ഗ്രൗണ്ടിൽ ഒരുക്കിയിട്ടുള്ള മറൈൻ എക്‌സ്‌പോ കാണാൻ ഒഴുകിയെത്തുന്നത് ആയിരങ്ങൾ. 200 അടി നീളമുള്ള ടണൽ ഗ്ലാസ് അക്വേറിയങ്ങളാണ് പ്രദർശനത്തിലെ മുഖ്യആകർഷണം. അക്വേറിയങ്ങൾക്കും അണ്ടർ വാട്ടർ ടണൽ അക്വേറിയത്തിനും പുറമെ വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനികവും അതീവ സുരക്ഷിതവുമായ അമ്യൂസ്‌മെന്റ് പാർക്കും ഉത്തരേന്ത്യൻ അറേബ്യൻ രുചി വൈവിധ്യങ്ങളും നിറയുന്ന അതിവിശാലമായ ഫുഡ് ഫെസ്റ്റും അക്വാഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ലക്ഷങ്ങൾ വില വരുന്ന വൈവിധ്യ പൂർണ്ണമായ സ്വദേശീയവും വിദേശീയവുമായ ശുദ്ധജല മത്സ്യങ്ങളും കടൽ മത്സ്യങ്ങളുമാണ് അക്വാറിയത്തിലുള്ളത്. അതിവിരളമായ അരാപൈമ, രാത്രിയിൽ മനുഷ്യന്റെ ശബ്ദത്തിൽ കരയുന്ന റെട്ടെയിൽ ക്യാറ്റ് ഫിഷ്, അലിഗെറ്റർ ഗാർ, മനുഷ്യനെ പോലും ഭക്ഷിക്കുന്ന ക്രൂര സ്വഭാവമുള്ള പീരാന, കടൽമത്സ്യങ്ങളായ ബട്ടർഫ്ളൈ, ബാറ്റ് ഫിഷ്, സ്റ്റാർഫിഷ്, ഹണിമൂൺ ഫിഷ്, കൂട്ടം കൂട്ടമായി സഞ്ചരിക്കുന്ന പുലിവാക, വിവിധ വർണ്ണങ്ങളിലുള്ള സ്റ്റിങ് ഗ്രേ, സമൂഹമായി മാത്രം വസിക്കുന്ന ടിൻഫോയിൽ ബാർബ്, വിഡോ ടെട്രാസ്, വെജിറ്റെറിയൻ മത്സ്യങ്ങളായ ജയിന്റ് ഗൗരാമി, മത്സ്യങ്ങളിൽ സുന്ദരിയായ മുസ് കേരള ഫിഷ് തുടങ്ങി അഞ്ഞൂറിൽപരം സ്വദേശി- വിദേശി മത്സ്യങ്ങളാണ് കൈയെത്തും ദൂരത്ത് നേരിൽ കാണാൻ സാധിക്കുന്നത്. ഡോ. എ.പി.ജെ. അബ്ദുൾ കലാം പവലിയൻ, കുട്ടികൾക്ക് വേണ്ടിയുള്ള മഡ്‌ഗോസ്‌കർ, റോബർട്ടോ ആനിമൽസ് എന്നിവ മുഖ്യ ആകർഷണങ്ങളാണ്. മറൈൻ എക്‌സ്‌പോ പ്രദർശനം ദിവസേന പകൽ നാല് മുതൽ 9.30 വരെയായിരിക്കും.