
തൊടുപുഴ: സഹജീവികളെ ദുരിതകാലത്ത് ഒറ്റക്കെട്ടായി ചേർത്ത് പിടിക്കുന്ന മലയാളിയുടെ മഹാമനസിന്റെ മകുടോദാഹരണമായി മാറുകയാണ് വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ കുടുംബത്തിലേക്ക് ഇപ്പോഴുമെത്തുന്ന സഹായപ്രവാഹം. സംസ്ഥാന സർക്കാരിന്റെ മികച്ച കുട്ടി ക്ഷീര കർഷകനുള്ള അവാർഡ് വാങ്ങിയ മാത്യു ബെന്നിയുടെ 13 പശുക്കൾ കൂട്ടത്തോടെ ചത്തെന്ന വാർത്ത പുതുവർഷത്തിൽ പുറത്ത് വന്നതുമുതൽ തുടങ്ങിയതാണ് സ്നേഹവായ്പ്പ്. ചിലർ പണമായും ചില പശുക്കളായും സഹായം നൽകി.
ഇതിൽ നടന്മാരായ ജയറാം, മമ്മൂട്ടി, പൃഥിരാജ്, മന്ത്രിമാരായ ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, ലുലു ഗ്രൂപ്പ്, പി.ജെ. ജോസഫ് എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി എന്നിവർ സഹായിച്ച പ്രമുഖരിൽ ചിലർ മാത്രമാണ്. അതിനൊന്നും സാധിക്കാത്തവർ മാത്യുവിനെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളെ പോലെ കണ്ടിരുന്ന തന്റെ പൊന്നോമനകൾ നഷ്ടപ്പെട്ട വേദനയിലും അവനും കുടുംബത്തിനും അത് വലിയ ആശ്വാസമായി. നേരിട്ടെത്തിയും ഫോണിലൂടെയും ആശ്വസിപ്പിച്ചവർക്കും സാമ്പത്തിക സഹായം നൽകിയവർക്കുമെല്ലാം തിരികെ നൽകാൻ നന്ദി മാത്രമാണ് ഈ 15കാരന്റെയും കുടുംബത്തിന്റെയും കൈവശമുള്ളത്. ഞായറാഴ്ച രാത്രിയും തിങ്കൾ പുലർച്ചെയുമായാണ് കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ 15കാരന്റെ ഫാമിലെ 22 പശുക്കളിൽ 13 എണ്ണവും ചത്തത്. മരച്ചീനി തൊലി ഭക്ഷണമായി കൊടുത്തതാണ് ചാകാൻ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുഴുവൻ പശുക്കളെയും ഇൻഷ്വർ ചെയ്യാൻ വലിയ തുക വേണ്ടി വരുന്നതിനാൽ ഇവർ ഇൻഷ്വറൻസ് എടുത്തിരുന്നില്ല. 60,000 രൂപ വിലയുള്ള ഒരു പശുവിനെ ഇൻഷ്വർ ചെയ്യാൻ 4000 രൂപയോളം വേണ്ടിവരും. ഇതാണ് ഇവർക്ക് തിരിച്ചടിയായത്.
2020 ഒക്ടോബറിൽ ക്ഷീരകർഷകനായ പിതാവ് ബെന്നിയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് പശുക്കളുടെ പരിപാലനച്ചുമതല ഏറ്റെടുത്ത വിദ്യാർത്ഥിയായ മാത്യുവിന്റെ ജീവിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പശുക്കൾക്കൊപ്പം കുടുംബത്തിന്റെ ഭാരവും മാത്യു ഏറ്റെടുക്കുകയായിരുന്നു. സ്‌കൂളിലല്ലാത്ത സമയങ്ങളിൽ എല്ലാം മാത്യു ബെന്നിയുടെ ജീവിതം ഈ പശുക്കൾക്കിടയിലാണ്. അമ്മ ഷൈനിയും സഹോദരങ്ങളായ ജോർജും റോസ്‌മേരിയും മാത്യുവിനെ സഹായിക്കാനുണ്ട്.
അഞ്ച് പശുക്കളെ സൗജന്യമായി നൽകും
വെള്ളിയാമറ്റം: മാത്യുവിനും കുടുംബത്തിനുമായി അഞ്ച് നല്ലയിനം പശുക്കളെ ഒരാഴ്ചയ്ക്കകം സൗജന്യമായി നൽകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മൂലമറ്റം വെള്ളിയാമറ്റത്ത് കപ്പത്തൊലി കഴിച്ച് 13 പശുക്കൾ മരണപ്പെട്ട മാത്യു ബെന്നിയുടെ വീട്ടിലെത്തിയതായിരുന്നു മന്ത്രി. മറ്റുള്ള പശുക്കൾക്ക് പകരം ദുരന്തനിവാരണ പദ്ധതിപ്രകാരമുള്ള തുക അനുവദിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. മിൽമ നൽകുന്ന 45,000 രൂപയും പശുക്കളെ കൈമാറുന്നതിനൊപ്പം നൽകും. വകുപ്പ് നൽകുന്ന അഞ്ച് പശുക്കൾക്കും ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ഒരു പശു മരണപ്പെട്ടാൽ ഒരുലക്ഷത്തിന്റെയാണെങ്കിൽ അത് മുഴുവനും തിരികെ ലഭിക്കും. കെ.എൽ.ഡി.ബി ബോർഡിൽനിന്നാകും പശുക്കളെ നൽകുക. ഒരുമാസത്തെ കാലിത്തീറ്റയും നൽകും. ബാക്കി ഫണ്ട് സർക്കാർ നേരിട്ട് നൽകും. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എം.പി 20,000 രൂപയുടെ ചെക്ക് കൈമാറി
തൊടുപുഴ: മാത്യു ബെന്നിക്ക് ഡീൻ കുര്യാക്കോസ് എം.പി ചെയർമാനായിട്ടുള്ള ഇടുക്കി കെയർ ഫൗണ്ടേഷന്റെ 20,000 രൂപയുടെ ചെക്ക് കൈമാറി.
മറ്ര് പശുക്കൾ അപകടനില തരണം ചെയ്തു
തൊടുപുഴ: കപ്പത്തൊലി ഭക്ഷിച്ച് ഗുരുതരാവസ്ഥയിലായി ചികിത്സയിലിരുന്ന മറ്റ് പശുക്കൾ അപകടനില തരണം ചെയ്തതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. ഒരു കറവപ്പശുവും രണ്ട് കിടാക്കളും രണ്ട് മൂരിയും നാല് കുഞ്ഞിക്കിടാങ്ങളുമാണ് ബാക്കിയുള്ളത്. ഇതിൽ ശാരീരിക അവശത കാണിക്കുന്ന ഒരു കറവപശുവിനും കിടാവിനും ചികിത്സ തുടരുകയാണ്. കിടാവിന്റെ കൈയിലെ ഞെരമ്പിന് ബലക്ഷയമുണ്ട് (നെർവ് പരാലിസിസ്). വിഷബാധയേറ്റ് വീണപ്പോൾ കൈ തുടർച്ചായായി നിലത്തടിപ്പോൾ പറ്റിയതാകാമെന്നാണ് നിഗമനമെന്ന് അധികൃതർ പറഞ്ഞു. തീറ്റയെടുക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നവ ക്രമേണ പഴയ അവസ്ഥയിലേക്ക് തിരിച്ചുവരും. നിലവിൽ വിഷാംശം ശരീരത്തിൽ അവശേഷിക്കുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പ് മാത്യു ബെന്നിക്ക് ശാസ്ത്രീയമായ പശുവളർത്തലിൽ പരിശീലനം നൽകും. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ജെസ്സി സി കാപ്പൻ, പി.ആർ.ഒ നിശാന്ത് എം. പ്രഭ, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. സാനി തോമസ്, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ ഡോ. ബിജു ജെ. ചെമ്പരത്തി, വെറ്ററിനറി സർജന്മാരായ ഡോ. കെ പി ഗദ്ദാഫി, ഡോ. പാർവതി, എമർജൻസി വെറ്ററിനറി സർജന്മാരായ ആനന്ദ് യു കൃഷ്ണ, ഡോ. ടി.പി. ശരത്ത് എന്നിവർ ഇന്നലെയും സ്ഥലത്തെത്തി പശുക്കളുടെ ആരോഗ്യകാര്യങ്ങൾ പരിശോധിച്ചു.
സഹായവുമായി നടൻ ജയറാം
മൂലമറ്റം: ഭക്ഷ്യവിഷബാധയേറ്റ് 13 പശുക്കൾ ചത്ത കുട്ടികർഷകന്റെ വീട്ടിൽ നടൻ ജയറാം സഹായവുമായെത്തി. വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ മാത്യു ബെന്നിയുടെ വീട്ടിലാണ് ഇന്നലെ രാവിലെ 11 മണിയോാടെ നടൻ ജയറാം എത്തിയത്. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കുടുബാംഗങ്ങൾക്ക് അദ്ദേഹം കൈമാറി. പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് വേണ്ടി മാറ്റി വെച്ചിരുന്ന തുകയാണ് പരിപാടി റദ്ദാക്കി കുട്ടി കർഷകന് നൽകിയത്. 2005, 2012 വർഷങ്ങളിൽ ക്ഷീര കർഷകനുള്ള പുരസ്‌കാരം ലഭിച്ചയാളാണ് താനെന്ന് ജയറാം പറഞ്ഞു. മാത്യു ബെന്നിയുടെ പശുക്കൾ ചത്തതുപോലെ സമാനമായ സംഭവം താനും നേരിട്ടിട്ടുണ്ട്. തന്റെ 24 പശുക്കളാണ് ആറ് വർഷം മുമ്പ് ചത്തത്. ഒരു ദിവസം ഏതാനും സമയങ്ങൾക്ക് ഉള്ളിലാണ് ദുരന്തം സംഭവിച്ചത്. അന്ന് താൻ നിലത്തിരുന്ന് കരയുകയായിരുന്നു. 24 പശുക്കളേയും വലിയ കുഴിയെടുത്ത് സംസ്‌കരിച്ചപ്പോൾ ഉണ്ടായതുപോലെയുള്ള വിഷമം പിന്നീട് താൻ നേരിട്ടിട്ടില്ല. തന്റെ മുൻകാല അവസ്ഥയിലൂടെ കടന്നുപോകുന്ന കുട്ടി കർഷകനെ ആശ്വസിപ്പിക്കുവാൻ ആണ് ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കുടുബാംഗങ്ങളെ ആശ്വസിപ്പിച്ച് പശു ഫാം സന്ദർശിച്ചതിന് ശേഷമാണ് ജയറാം മടങ്ങിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം.ജെ. ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം എം. മോനിച്ചൻ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. നടൻ ജയറം വരുന്നതറിഞ്ഞ് പ്രദേശവാസികളായ നൂറുകണക്കിന് പേർ മാത്യു ബെന്നിയുടെ വീട്ടിലെത്തി.