തൊടുപുഴ: സ്‌കൂൾ കലോത്സവങ്ങളിലെ വിധിനിർണയത്തിലെ അപാകതകൾ അവസാനിപ്പിക്കണമെന്ന് ആൾ കേരള ഡാൻസ് ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇടുക്കി റവന്യൂ ജില്ലാ കലോത്സവത്തിൽ നൃത്ത ഇനങ്ങളിലെ വിധി നിർണയത്തിൽ നടന്ന അഴിമതികളെക്കുറിച്ച് ശ്രദ്ധയിൽ കൊണ്ടുവരാനും ഇത്തരം പിഴവുകൾ സംഭവിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും വേണ്ടി വിദ്യാഭ്യാസ മന്ത്രിയ്ക്ക് നിവേദനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. ഏഴ് സബ് ജില്ലകളിലും കട്ടപ്പനയിൽ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിലും നൃത്ത ഇനങ്ങൾക്ക് ശരിയായ രീതിയിൽ വിധി നിർണയം നടന്നിട്ടില്ല. അർഹതയുള്ള കുട്ടികൾ തഴയപ്പെടുന്ന അവസ്ഥയുണ്ടായി. പലയിടങ്ങളിലും അപ്പീലുകൾ അനുവദിക്കാൻ പറ്റാത്ത വിധം കുട്ടികളെ നാലും അഞ്ചും സ്ഥാനത്തേയ്ക്കും തരംതാഴ്ത്തിയ സാഹചര്യവുമുണ്ടായി. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ മേലധികാരികൾ ഏതെങ്കിലും ഒരു ഏജന്റിനെയോ അദ്ധ്യാപക സംഘടനകളെയോ ഇതിന്റെ ചുമതല ഏൽപ്പിക്കുക വഴി നൃത്താദ്ധ്യാപകരുടെ പക്കൽ വിധി നിർണയം എത്തുന്നു. അവർ തങ്ങളുടെ പക്ഷത്തു നിൽക്കുന്ന ആളുകളെയോ അവരുടെ സുഹൃത്തുക്കളെയോ വിധി നിർണയത്തിനായി കൊണ്ടുവരികയാണ് ചെയ്യുന്നത്.
മറ്റ് ജില്ലകളിൽ നിന്ന് ഇവിടെ വിധി നിർണയത്തിനെത്തുന്നവരുടെ എല്ലാ ചെലവുകളും വഹിക്കുന്നത് ജില്ലയിലെ ഒരു നൃത്താധ്യാപകനാണ്. ഇതിനെതിരെ പ്രതികരിക്കുന്ന നൃത്താധ്യാപകർക്കെതിരെ കള്ളക്കേസുകൾ കൊടുത്ത് മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു. നിലവിൽ കലാ രംഗത്ത് നിന്നും ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന നിരവധി നൃത്താദ്ധ്യാപകർ ഈ രംഗത്തു നിന്ന് മാറി പോകുന്ന സാഹചര്യവും ഉണ്ട്. അതിനാൽ മതിയായ യോഗ്യതയുള്ളവരെ കലോത്സവങ്ങളിലെ വിധി നിർണയത്തിന്റെ ചുമതല നൽകി സമ്മാനത്തിന് അർഹതപ്പെട്ടവരെ കണ്ടെത്തണമെന്നും ഈ രംഗത്തെ അഴിമതി നീക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വാ‌ർത്താസമ്മേളനത്തിൽ പ്രസിഡന്റ് മത്തായി ജോസഫ്, സെക്രട്ടറി കെ.എസ്. സുരേഷ്, ജിജി ജോബി, രാജമ്മ രാജു, വി.വി. ഫിലോമിന എന്നിവർ പങ്കെടുത്തു.