bus
ശങ്കരഗിരി വലിയ വളവിൽ അപകടത്തിൽപ്പെട്ട് മറിഞ്ഞ മിനി ബസ്‌

പീരുമേട്: ചെങ്കര പുല്ലുമേട് റോഡിൽ ശങ്കരഗിരി വലിയ വളവിൽ വീണ്ടും അപകടം. ചെന്നൈ കുളത്തൂരിൽ നിന്ന് ശബരിമലയിലേക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 12 അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം. മണ്ഡലകാലം ആരംഭിച്ചതിനുശേഷം അയ്യപ്പഭക്തരുടെ വാഹനം വഴിതെറ്റി വന്ന് അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാകുകയാണ്. ബസിൽ 23 അയ്യപ്പഭക്തരും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ രണ്ട് പേരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. നിസാര പരുക്കുകളേറ്റ പത്തുപേർക്ക് ചെങ്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പരിസരവാസികളുടെയും ഡ്രൈവർമാരുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുമളി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റ ഒന്നിലധികം പേരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിക്കാൻ ഡ്രൈവർ വിസമ്മതിച്ചതിനെത്തുടർന്ന് നാട്ടുകാരും ആംബുലൻസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഈ മേഖലയിൽ വഴിതെറ്റി വന്നുള്ള അപകടങ്ങൾ പതിവാകുമ്പോൾ കൃത്യമായ ദിശ ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.