തൊടുപുഴ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഓവറോൾ നേടുന്ന ജില്ലയ്ക്ക് നൽകുന്ന സ്വർണ കപ്പിന് തൊടുപുഴയിൽ ആവേശകരമായ സ്വീകരണം നൽകി. കോഴിക്കോട് നിന്ന് പ്രയാണം ആരംഭിച്ച സ്വർണകപ്പിനെ ജില്ലാ അതിർത്തിയായ മടക്കത്താനത്ത് സ്വീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെയും റോളർ സ്‌കേറ്റിംഗിന്റെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ സമ്മേളന വേദിയായ എ.പി.ജെ അബ്ദുൾ കലാം ഹയർസെക്കൻഡറി സ്‌കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ആർ. വിജയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ് മുഖ്യപ്രഭാഷണം നടത്തി. പരീക്ഷ കമ്മീഷണർ ഗിരീഷ് ചോലയിൽ, എ.ഇ.ഒ ഷീബ മുഹമ്മദ്, പ്രൈവറ്റ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ.കെ. ദാസ്, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ. പ്രസുഭകുമാർ എന്നിവർ പ്രസംഗിച്ചു. തൊടുപുഴ ട്രഷറിയിൽ സൂക്ഷിക്കുന്ന സ്വർണക്കപ്പ് ഇന്ന് രാവിലെ 6.30ന് കൊല്ലത്തേക്ക് കൊണ്ടുപോകും.