തൊടുപുഴ: സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിന്റെ 43-ാം വാർഷികത്തോടനുബന്ധിച്ച് 5, 6, 7 തീയതികളിൽ വിപുലമായ പുരാവസ്തു പ്രദർശനവും നാടൻ കലകളുടെ ദൃശ്യ വിസ്മയവും ഒരുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാടിന്റെ സമ്പന്നമായ സാംസ്‌കാരിക സവിശേഷതകൾ പുതുതലമുറയ്ക്ക് പകർന്നു നൽകാൻ ഉദ്ദേശിച്ചുകൊണ്ടാണ് 'പൈതൃകം 2024 " എന്ന പേരിൽ സാംസ്‌കാരികോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. 'പൈതൃകം 2024 " ന്റെ ഉദ്ഘാടനം അഞ്ചിന് വൈകിട്ട് 4.30ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള നിർവ്വഹിക്കും. ചാഴികാട്ട് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ജോസഫ് സ്റ്റീഫൻ അദ്ധ്യക്ഷനാകും. പ്രശസ്ത ചരിത്രകാരൻ പത്മശ്രീ ഡോ. സി.ഐ. ഐസക്, കൂത്താട്ടുകുളം ശ്രീധരീയം ഐ ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ ഡോ. എൻ. നാരായണൻ നമ്പൂതിരി എന്നിവർ സംസാരിക്കും. തുടർന്ന് പത്മശ്രീ അവാർഡ് ജേതാവ് രാമചന്ദ്ര പുലവർ അവതരിപ്പിക്കുന്ന തോൽപാവക്കൂത്ത് അരങ്ങേറും. കഥ കമ്പരാമായണം. തുടർന്ന് പൊന്നന്താനം ഭദ്രജ്വാല അവതരിപ്പിക്കുന്ന പെരുങ്കളിയാട്ടം. പുരാവസ്തു പ്രദർശനത്തിൽ നൂറ്റാണ്ടുകളുടെ ചരിത്ര സ്മൃതികൾ ഉണർത്തുന്ന സ്റ്റാമ്പുകൾ, നാണയങ്ങൾ, ഭൂതകാല ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ പേറുന്ന ആയുധങ്ങൾ, കാർഷിക ഉപകരണങ്ങൾ, മറ്റ് ഇതര പുരാവസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരം ഉണ്ടാകും. നാളെ രാവിലെ 9.30 ന് പ്രദർശനം ആരംഭിക്കും. മുൻസിപ്പൽ വാർഡ് കൗൺസിലർ രാജി അജേഷ് പുരാവസ്തു പ്രദർശനം ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 മുതൽ കേരളത്തിന്റെ സ്വന്തമായ വൈവിദ്ധ്യമാർന്ന നാടൻ കലകളുടെ അവതരണങ്ങൾ വേദിയിൽ ആരംഭിക്കും. ദേവപൈതൃകം എന്ന പേരിൽ പാഴൂർ ജിതിൻ മാരാർ അവതരിപ്പിക്കുന്ന സോപാന സംഗീതം, കളമെഴുത്തിന്റെ ശാസ്ത്രം കളമെഴുതി വിശദീകരിക്കുന്ന അരിക്കുഴ ജയചന്ദ്രമാരാരുടെ വർണ്ണ പൈതൃകം, അദ്ധ്യാപികമാരുടെ തീരുവാതിര, വി.എസ്. ഐശ്വര്യയുടെ നൃത്തം, കുമാരി വിഷ്ണുപ്രിയയുടെ ഓട്ടൻതുള്ളൽ, പാമ്പാടുംപാറ ഗുരുമംഗലം സി.വി.എൻ. കളരിസംഘത്തിന്റെ കളരിപ്പയറ്റ്, പഴയകാല ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി തൊടുപുഴ പ്രണവം അവതരിപ്പിക്കുന്ന ഗാനപൈതൃകം എന്നിവ നാടൻ കലാമേളയിൽ അവതരിപ്പിക്കും.

ആറിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സ്‌കൂൾ പ്രീപ്രൈമറി വിഭാഗത്തിന്റെ വാർഷികാഘോഷം 'അരുണോദയം " മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി കളക്ടർ കെ.പി. ദീപ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. തുടർന്ന് അരുൺ (എൽ.കെ.ജി), ഉദയ (യു.കെ.ജി) ക്ലാസിലെ കുട്ടികളുടെ കലാപരിപാടികൾ നടക്കും. സ്‌കൂൾ വാർഷികാഘോഷവും 'പൈതൃകം- 2024 "ന്റെ സമാപനവും ഏഴിന് വൈകിട്ട് അ‌ഞ്ചിന് നടക്കും. കേളി എന്ന പേരിലുള്ള വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം മുൻ ഐ.ജി എസ്. ഗോപിനാഥ് നിർവ്വഹിക്കും. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ്. ലളിതാംബിക മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ സ്‌കൂൾ മാനേജർ പ്രൊഫ. പി.ജി. ഹരിദാസ്, പ്രിൻസിപ്പൽ വി.എൻ. സുരേഷ്, വിദ്യാലയസമിതി സെക്രട്ടറി പി.ആർ. സുന്ദരരാജൻ, പ്രസിഡന്റ് കെ .പി. ജഗദീഷ് ചന്ദ്ര, ക്ഷേമസമിതി പ്രസിഡന്റ് കെ.ഇ. രജീഷ് എന്നിവർ പങ്കെടുത്തു.