
അച്ഛൻ മരിച്ചപ്പോൾ തന്റെ പ്രിയ പശുക്കളെ വിൽക്കരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും മാത്യു അമ്മയോട് കരഞ്ഞു പറഞ്ഞു. ഒടുവിൽ മകന്റെ നിർബന്ധത്തിന് അമ്മ വഴങ്ങി
മൂന്ന് വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2020 ഒക്ടോബറിലാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മാത്യു ബെന്നിയുടെ ജീവിതം മാറി മറിഞ്ഞത്. ക്ഷീര കർഷകനായ പിതാവ് തൊടുപുഴ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ ബെന്നി മസ്തിഷ്കാഘാതത്തെ തുടർന്ന് മരിക്കുമ്പോൾ . അന്ന് വരെ ബെന്നിയും ഭാര്യ ഷൈനിയും ചേർന്ന് പത്തോളം പശുക്കളെ വളർത്തിയാണ് കുടുംബം പോറ്റിയിരുന്നത്. ബെന്നിയുടെ അപ്രതീക്ഷിത വേർപാട് കുടംബത്തെ തളർത്തി. മക്കളുടെ പഠനം , ബെന്നിയുടെ അച്ഛൻ ഐസക്കിന്റെ മരുന്ന്, വീട് പണിയാനെടുത്ത ബാങ്ക് വായ്പ തുടങ്ങിയവയ്ക്കെല്ലാം എന്ത് വഴി കാണുമെന്നറിയാതെ ആ വീട്ടമ്മ നെടുവീർപ്പിട്ടു. പ്രായമായ അച്ഛനെയും മൂന്ന് മക്കളെയും നോക്കുന്നതിനൊപ്പം ഒറ്റയ്ക്ക് പശുപരിപാലനം നടത്തി കുടുംബം പോറ്റാൻ ഷൈനിക്ക് സാധിക്കാതെ വന്നു. പുല്ല് വെട്ടുന്നതും പാല് കറക്കുന്നതും മറ്റും ഭർത്താവില്ലാതെ ഷൈനിക്ക് പ്രയാസമായതോടെ ബന്ധുക്കളുടെ നിർദ്ദേശപ്രകാരം പശുക്കളെയെല്ലാം വിൽക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞതോടെ അന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മാത്യുവിന് സഹിക്കാനായില്ല. അച്ഛൻ ബെന്നിയ്ക്കൊപ്പം പശുക്കളെ കുളിപ്പിക്കാനും തീറ്റ കൊടുക്കാനും ഓടി നടന്ന് അവരുടെ കൂട്ടുകാരനെ പോലെയായി മാറിയിരുന്നു മാത്യു. തന്റെ പ്രിയ പശുക്കളെ വിൽക്കരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും അവൻ അമ്മയോട് കരഞ്ഞു പറഞ്ഞു. ഒടുവിൽ മകന്റെ നിർബന്ധത്തിന് അമ്മ വഴങ്ങി. പിന്നീട് പശുക്കൾക്കൊപ്പം കുടുംബത്തിന്റെ ഭാരം കൂടി ഈ 13 കാരൻ ഏറ്റെടുത്തു. രണ്ട് വർഷം കൊണ്ട് പത്ത് പശുക്കളുടെ സ്ഥാനത്ത് 22 ആയി ആ അമ്പാടിയെ മാത്യു മാറ്റി. ഒപ്പം പഠനവും നല്ല നിലയിൽ കൊണ്ടുപോകുന്ന മാത്യു എട്ടാം ക്ലാസിൽ നിന്ന് പത്തിലെത്തി.
ഗോക്കളെ മേച്ചും
കളിച്ചും ചിരിച്ചും
ഒരു സാധാരണ 15 വയസുകാരന്റെ ദിനചര്യയല്ല മാത്യുവിന്റേത്. ദിവസവും പുലർച്ചെ നാല് മണിക്ക് അവൻ എഴുന്നേൽക്കും. പ്രഭാതകൃത്യങ്ങൾക്ക് ശേഷം നേരെ തൊഴുത്തിലേക്ക്. ചാണകമെല്ലാം വാരി തൊഴുത്ത് വൃത്തിയാക്കിയ ശേഷം പശുക്കളെ കുളിപ്പിച്ച് കാലിത്തീറ്റ നൽകും. തുടർന്ന് കറന്ന് പാലെടുക്കും. അപ്പോഴേക്കും സഹായത്തിന് അമ്മയും സഹോദരങ്ങളായ ജോർജ്ജും റോസ് മേരിയുമെത്തും.
വീട്ടിലേക്കും അയൽവീടുകളിലേക്കും പാൽ നൽകിയ ശേഷം ബാക്കി ക്ഷീരസൊസൈറ്റിയ്ക്ക് നൽകും. തുടർന്ന് പശുക്കളെ അഴിച്ച് പുല്ല് തിന്നാൻ പറമ്പിൽ കെട്ടും. പിന്നീട് പ്രഭാത ഭക്ഷണം കഴിച്ച് പുല്ല് അരിയാൻ പോകും. അതിന് ശേഷം സ്കൂളിലേക്ക്. അവധി ദിവസമാണെങ്കിൽ ഉച്ചയ്ക്കും പശുക്കളെ മാത്യു തന്നെയാണ് കറക്കുന്നത്. വൈകിട്ട് സ്കൂൾ വിട്ട് വന്നാൽ വേഷം മാറി കാപ്പി കുടിച്ച് നേരേ ഓടും തൊഴുത്തിലേക്ക്. രാത്രി 10 മണിയായാലും തിരികെ വീട്ടിൽ കയറില്ല.
സ്കൂൾ വിട്ടുവന്ന ശേഷം കൂട്ടുകാർക്കൊപ്പം കളിക്കാനൊന്നും മാത്യു പോകില്ല. അവധി ദിവസങ്ങളിൽ ബന്ധു വീടുകളിൽ പോയി നിൽക്കുകയോ, സ്കൂളിൽ നിന്ന് ടൂറ് പോവുകയോ ഒന്നുമില്ല. എവിടെ പോയാലും അന്ന് തന്നെ വീട്ടിൽ തിരിച്ചെത്തും. പകരം സഹോദരങ്ങൾ പോകുന്നതിന് മാത്യുവിന് തടസമില്ല. അവൻ ഊണും ഉറക്കവുമൊഴിച്ച് ബാക്കി സമയമെല്ലാം പശുക്കൾക്കൊപ്പം തന്നെ ചെലവഴിക്കും.
പശുക്കൾക്ക് ചെറിയ അസുഖം വന്നാൽ നൽകേണ്ട മരുന്നുകളെക്കുറിച്ചെല്ലാം മാത്യുവിന് അറിയാം. പശുക്കളുടെ പ്രസവസമയം ഷൈനിയടക്കമുള്ളവർ ടെൻഷനടിച്ചിരിക്കുമ്പോൾ ഒരു വെറ്ററിനറി ഡോക്ടറെ പോലെ പ്രസവ ശുശ്രൂഷകളെല്ലാം ചെയ്യുന്നത് മാത്യുവാണ്. ഈ സമയം ഉറക്കം പോലും ഉപേക്ഷിച്ച് മാത്യു തൊഴുത്തിൽ തന്നെയാകുമെന്ന് ഷൈനി പറയുന്നു. ഒരിക്കൽ ഒരു പശുവിന്റെ പ്രസവ സമയത്ത് മാത്യുവിന്റെ കൈ ഉളുക്കി ബാൻഡേജ് ഇട്ടിരിക്കുകയായിരുന്നു. പ്രസവത്തിനിടെ പശുക്കുട്ടിയുടെ വലിപ്പ കൂടുതൽ കാരണം പകുതി ഭാഗം മാത്രമാണ് പുറത്തേക്ക് വന്നത്. കാത്ത് നിൽക്കുന്നത് പന്തിയല്ലെന്ന് കണ്ട് മാത്യു ബാൻഡേജ് അഴിച്ചുകളഞ്ഞ് രണ്ടുകൈ കൊണ്ടും പശുക്കുട്ടിയെ വലിച്ച് പുറത്തെടുത്തു. അമ്മ ഷൈനിയ്ക്കും സഹോദരങ്ങളും അന്തം വിട്ട് നോക്കി നിന്നു.
ഇവിടം
സ്വർഗ്ഗമായിരുന്നു
കൂട്ടുകാരെപ്പോലെ ഓരോ പശുവിനെയും കിടാവുകളേയും പേര് ചൊല്ലിയാണ് മാത്യു വിളിച്ചിരുന്നത്. എപ്പോഴും ഒരുമിച്ച് നടക്കുന്ന കൊച്ചുറാണിയും ഐശ്വര്യറാണിയും മഹാറാണിയും, ഇരട്ടകളായ പൊന്നുവും മിന്നുവും, മറിയാമ്മയും മർത്തയും കണ്ണാപ്പിയും, വെള്ളക്കിടാവും മകൾ അൽഫോൺസയും അങ്ങനെ പോകുന്നു അവരുടെ ഓമനപ്പേരുകൾ. തിരിച്ച് പശുക്കളും അവരുടെ ഉറ്റ ചങ്ങാതിയായാണ് മാത്യുവിനെ കാണുന്നത്. അവൻ തൊഴുത്തിലേക്ക് എത്തുമ്പോൾ തന്നെ അമ്മ പശുക്കൾ പ്രത്യേക ശബ്ദമുണ്ടാക്കും. കിടാവുകൾ ഓടിയെത്തി അവന്റെ കൈകളിലും മറ്റും നക്കി തുടയ്ക്കും. വെറും വളർത്തുമൃഗങ്ങളും യജമാനനും തമ്മിലുള്ള ബന്ധമായിരുന്നില്ല, അവർ കുടുംബാംഗങ്ങളായിരുന്നു. ആ കൂട്ടുകുടുംബമാണ് പുതുവർഷ രാത്രിയിലെ അപ്രതീക്ഷിത ദുരന്തത്തിൽ തകർന്നത്. സ്വന്തം പിതാവ് മരിച്ചപ്പോൾ പോലും മാത്യു ഇത്ര തകർന്നിട്ടില്ലെന്ന് അമ്മ ഷൈനി പറയുന്നു. നാടിന്റെയൊന്നാകെയുള്ള സ്നേഹവായ്പ്പിൽ മാത്യുവും കുടുംബവും ഈ ദുരിതക്കയത്തിൽ നിന്ന് മെല്ലെ കരകയറുകയാണ്.വീണ്ടും ഇവിടെ സ്വർഗ്ഗമാവുന്നു.