
തൊടുപുഴ: 1947-ൽ സ്ഥാപിതമായ മണക്കാട് ദേശസേവിനി വായനശാലയുടെ ഒരു വർഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. മുനിസിപ്പൽ കൗൺസിലർ ബിന്ദു പത്മകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. ജൂബിലി സ്മരണികയുടെ പ്രകാശനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.ജി. സത്യൻ നിർവഹിച്ചു. വായനശാലയുടെ ആയൂഷ്കാല മെമ്പർമാരെ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിനെ ട്രോഫി നൽകി ആദരിച്ചു. തൊടുപുഴ താലൂക്കിൽ ഏറ്റവും കൂടുതൽ പുസ്തകശേഖരമുള്ള എൻ. വിജയൻ മുക്കുറ്റിയെ ഷാൾ അണിയിച്ച് ആദരിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം എ. ജയൻ, മണക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന ബാബു, ജീന അനിൽ തുടങ്ങിയവർ സംസാരിച്ചു. തിരുവാതിര അവതരിപ്പിച്ചവർക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ട്രോഫികൾ നൽകി. വായനശാല പ്രസിഡന്റ് പി.കെ. സുകുമാരൻ സ്വാഗതവും സെക്രട്ടറി പി.ജി. മോഹനൻ നന്ദിയും പറഞ്ഞു. തിരുവാതിര, നാടൻപാട്ട്, സെവൻ ബീറ്റ്സ് മ്യൂസിക്സിന്റെ ഗാനമേള തുടങ്ങിയവയും നടന്നു.