ഇടുക്കി: മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ ക്രമീകരിക്കും. ഈ മാസം 12നകം എല്ലാ ഒരുക്കങ്ങളും പൂത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിൽ ഉണ്ടാകാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് 1400 ഓളം പൊലീസുകാരെ വിന്യസിക്കും. സുരക്ഷ പരിശോധനകളും നിരീക്ഷണവും കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മകരവിളക്ക് ദർശനത്തിന് എത്തുന്ന തീർത്ഥാടകരുടെ സൗകര്യത്തിന് കുമളി ഡിപ്പോയിൽ നിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടിൽ കെ.എസ്.ആർ.ടി.സി 65 സർവീസുകൾ നടത്തും. അടിയന്തര ആവശ്യങ്ങൾക്ക് ആറു സെന്ററുകളിൽ അഗ്നിരക്ഷ സേനയെ നിയോഗിക്കും. പുല്ലുമേട് മുതൽ കോഴിക്കാനം വരെ 14 പോയിന്റുകളിൽ വാട്ടർ ടാങ്കുകൾ സജ്ജീകരിച്ച് കുടിവെള്ളത്തിനുള്ള ചുമതല വാട്ടർ അതോറിട്ടിക്കാണ്. പൊതുമരാമത്ത് വകുപ്പ് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡ് നിർമ്മിക്കും. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കാനം മുതൽ പുല്ലുമേട് വരെ 14 കിലോമീറ്റർ ലൈറ്റുകൾ സജ്ജീകരിക്കും. പുല്ലുമേട്, കോഴിക്കാനം, പരുന്തുംപാറ, പാഞ്ചാലിമേട്, വണ്ടിപ്പെരിയാർ, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പൂർണ്ണസജ്ജരായ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ടീം, ആംബുലൻസുകളുടെ സേവനം എന്നിവയും ഉണ്ടാകും. ആയുർവേദ, ഹോമിയോ വകുപ്പുകളും മെഡിക്കൽ ടീമുകളെ സജ്ജമാക്കും. മോട്ടോർ വാഹനം, എക്‌​സൈസ്, ലീഗൽ മെട്രോളജി, ഫുഡ് സേഫ്ടി തുടങ്ങിയ വകുപ്പുകളുടെ പരിശോധനകൾ ശക്തമാക്കാനും യോഗം നിർദേശിച്ചു.