തൊടുപുഴ: കേരള അത്‌ലറ്റ് ഫിസീക്ക് അലൈൻസിന്റെ (കെ.എ.പി.എ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല മിസ്റ്റർ ഇടുക്കി- 2024 മത്സരം ശനിയാഴ്ച തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 8.30ന് രാജിസ്‌ട്രേഷനും തുടർന്ന് ഭാരനിർണയവും നടത്തും. ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന മത്സരത്തിൽ ജില്ലയിൽ നിന്നുള്ള ബോഡിബിൽഡർമാർ പങ്കെടുക്കും. സീനിയർ, ജൂനിയർ, സബ് ജൂനിയർ ബോഡിബിൽഡിങ് മത്സരങ്ങളും മാസ്‌റ്റേഴ്‌സ് മത്സരവും ഫിസിക്, ക്ലാസിക്, ലേഡീസ് വിഭാഗങ്ങളിലെ മത്സരങ്ങളും നടക്കും. മത്സരങ്ങളിൽ വിജയികളാവുന്നവർക്ക് 27, 28 തിയതികളിൽ പാലായിൽ നടക്കുന്ന സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. വാർത്താസമ്മേളനത്തിൽ കെ.എ.പി.എ സംസ്ഥാന പ്രസിഡന്റ് സുരേഷ് ബാബു, സംസ്ഥാന ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യൻ വി. മാത്യു, സംസ്ഥാന ജനറൽ കൺവീനർ നൈജിൽ ജോർജ്, ജില്ലാ ജനറൽ കൺവീനർമാരായ രതീഷ് കുമാർ, റിസ്വാൻ, വി.കെ. അംജത്ത് അലി എന്നിവർ പങ്കെടുത്തു.