കൊച്ചി: തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ജെസി ജോണിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം ഹൈക്കോടതി അയോഗ്യയാക്കി. ജെസിയെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതി ഇലക്ഷൻ കമ്മിഷൻ തള്ളിയതിനെതിരെ മുസ്ളിംലീഗിന്റെ കൗൺസിലർ അബ്ദുൾ കരിം നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് വിധിപറഞ്ഞത്. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ലീഗിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി പെട്ടേനാട് വാർഡിൽ നിന്ന് മത്സരിച്ചു ജയിച്ച ജെസി ജോണി പിന്നീട് എൽ.ഡി.എഫിലേക്ക് കൂറുമാറിയെന്നായിരുന്നു പരാതി. നഗരസഭാ ചെയർമാൻ, വൈസ് ചെയർപേഴ്‌സൺ തുടങ്ങിയ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് അനുകൂലമായി വോട്ടുചെയ്തെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. എന്നാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച സനീഷ് ജോർജിനാണ് വോട്ടുചെയ്തതെന്നും വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് തനിക്കു തന്നെയാണ് വോട്ടുചെയ്തതെന്നും ജെസി വാദിച്ചു. ആ നിലയ്ക്ക് തനിക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടി നിലനിൽക്കില്ലെന്നും വ്യക്തമാക്കി. എന്നാൽ ഈ വാദങ്ങൾ തള്ളിയാണ് സിംഗിൾബെഞ്ച് ജെസി ജോണിയെ അയോഗ്യയാക്കിയത്. വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ഒരു വോട്ടിനാണ് ജെസി വിജയിച്ചത്.