തൊടുപുഴ: വെള്ളിയാമറ്റത്തെ മാത്യു ബെന്നിയുടെ വീട്ടിലേക്കുള്ള സഹായ പ്രവാഹത്തിനിടയിലും തീരാനോവായി തള്ളപ്പശുവിനെ നഷ്ടപ്പെട്ട പശുക്കിടാവ്. കപ്പത്തൊലി ഭക്ഷിച്ച് ചത്ത 13 പശുക്കളിലൊന്നിന്റെ മൂന്ന് മാസം പ്രായമായ പശുക്കുട്ടി തള്ളയെത്തേടി തൊടിയിലും മറ്റും നടക്കുകയാണ്. മാത്യു ബെന്നിയും സഹോദരങ്ങളും അൽഫോൺസയെന്ന് വിളിക്കുന്ന പശുക്കിടാവാണ് രാത്രിയിലും തള്ളപ്പശു അവസാനമായി പുല്ലുതിന്ന പറമ്പിലൂടെ കരഞ്ഞുനടക്കുന്നത്. മാത്യുവിന്റെ സഹോദരി റോസ് മേരിയുടെയടക്കം പൊന്നോമനയാണ് അവൾ. അവളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ സങ്കടപ്പെടുകയാണ് മാത്യുവും സഹോദരങ്ങളും. ചത്ത വെള്ളക്കിടാവ് എന്ന് വിളിക്കുന്ന കറവപ്പശു ഏറെ പ്രിയപ്പെട്ടതായിരുന്നു. 31 ന് ഉച്ചകഴിഞ്ഞ് വെള്ളക്കിടാവിനെ പറമ്പിൽ കെട്ടിയിട്ട് വൈകിട്ടാണ് അഴിച്ചുകെട്ടിയത്. ഈ ഓർമ്മയിലാണ് പശുക്കിടാവ് ഇപ്പോഴും പറമ്പിൽ അന്വേഷിച്ചു നടക്കുന്നതെന്ന് മാത്യു പറഞ്ഞു.

ഇതിനിടെ പി.ജെ. ജോസഫ് എം.എൽ.എ നൽകിയ ഗീർ ഇനത്തിൽപ്പെട്ട പശു 'കരീന" തൊഴുത്തിൽ ഉല്ലാസവതിയായി നിൽക്കുന്നുണ്ട്. ഗർഭിണിയായ പശുവിനെയാണ് ജോസഫ് നൽകിയത്. അതേസമയം ഇനി ചികിത്സയിലുള്ളത് ഒരു കറവപ്പശുവും രണ്ട് കിടാക്കളും രണ്ട് മൂരിയും നാല് കുഞ്ഞിക്കിടാങ്ങളുമാണ്. ഇതിൽ ശാരീരിക അവശത കാണിക്കുന്ന ഒരു കറവപ്പശുവിനും കിടാവിനും ചികിത്സ തുടരുകയാണ്. ഐശ്വര്യ റാണിയെന്ന് വിളിക്കുന്ന കിടാവിന്റെ കൈയിലെ ഞരമ്പിന് ബലക്ഷയമുണ്ട്. വിഷബാധയേറ്റ് വീണപ്പോൾ കൈ തുടർച്ചായായി നിലത്തടിച്ചപ്പോൾ പറ്റിയതാകാമെന്ന് അധികൃതർ പറഞ്ഞു. വിഷാംശം ശരീരത്തിൽ അവശേഷിക്കുന്നുണ്ട്. തീറ്റയെടുക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നവ ക്രമേണ പഴയ അവസ്ഥയിലേക്ക് തിരിച്ചുവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിയ സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് ഫാമിലേക്ക് മൂന്ന് പശുക്കളെ നൽകാമെന്ന് ഉറപ്പുനൽകി. തിങ്കളാഴ്ച രാവിലെ തന്നെ പശുക്കളെ കൈമാറുമെന്ന് അറിയിച്ചു.