പീരുമേട്: ശബരിമലയിലേക്ക് എളുപ്പം എത്തിച്ചേരാവുന്ന അതിപുരാതന കാനനപാതയായ വണ്ടിപ്പെരിയാർ- വള്ളക്കടവ്- കോഴിക്കാനം- ഉപ്പുപാറ- പുല്ലുമേട് പാത തീർത്ഥാടകർക്ക് തുറന്ന് നൽകണമെന്ന ആവശ്യം ശക്തമാകുന്നു. 2011ലെ മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങിയ ശമ്പരിമല തീർത്ഥാടകർ അപകടത്തിൽപ്പെടുകയും 102 പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തതോടെയാണ് ഈ കാനനപാത അടച്ചുപൂട്ടിയത്. ഇതുവഴി പുല്ലുമേട്ടിൽ നിന്ന് ആറ് കിലോമീറ്റർ മാത്രം നടന്നാൽ സന്നിധാനത്ത് എത്താനാകും. പതിറ്റാണ്ടുകൾക്ക് മുമ്പേ തീർത്ഥാടകർ ഉപയോഗിച്ചിരുന്ന കാനനപാതയായിരുന്നു ഇത്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും സ്ഥിരമായി ശബരിമല തീർത്ഥാടകർ എത്തിയിരുന്നത് ഈ കാനനപാതയിലൂടെ ആയിരുന്നു. വണ്ടിപ്പെരിയാറിൽ നിന്ന് ടാക്‌സി ജീപ്പുകളും കുമളിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസും തീർത്ഥാടന കാലത്ത് സർവീസ് നടത്തിയിരുന്നു. എന്നാൽ 13 വർഷങ്ങൾക്കു മുമ്പാണ് പുല്ലുമേട് ദുരന്തത്തെ തുടർന്ന് ഈ പാത അടച്ചുപൂട്ടിയത്. വള്ളക്കടവ്, കോഴിക്കാനം, പമ്പ എന്നീ വനംവകുപ്പ് റേഞ്ചിന്റെ പരിധിയിൽ കൂടിയാണ് ഈ പാത കടന്നുപോകുന്നത്. പുല്ലുമേട് ദുരന്തത്തിനുശേഷം ജസ്റ്റിസ് ഹരിഹരൻ കമ്മീഷൻ സ്ഥലം സന്ദർശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. എന്നാൽ ഹരിഹരൻ കമ്മിഷൻ ഈ പാത അടച്ചുപൂട്ടണമെന്ന് പറഞ്ഞിട്ടില്ല. ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വള്ളക്കടവ്,​ കോഴിക്കാനം, പുല്ലുമേട് വഴി വാഹനങ്ങൾ കടത്തിവിടാൻ പാടില്ലെന്ന് ഉത്തരവിട്ടത്. വനംവകുപ്പ്, പൊലീസ് എന്നിവരുടെ വാഹനങ്ങൾ ജോലി സംബന്ധമായ കാര്യങ്ങൾക്ക് മാത്രം കടന്നുപോകാം. മകരവിളക്കിന് ശബരിമല തീർഥാടകർക്ക് ഇതുവഴി പോകാമെന്നും വിധിയിൽ പറയുന്നു. എന്നാൽ 2012 മുതൽ ഇതു വഴി ഒരു വാഹനങ്ങൾ കടത്തിവിടുന്നില്ല.

സത്രം വഴി ദുർഘടം

ഇപ്പോഴുള്ള കാനനപാതയായ സത്രം- പുല്ലുമേ ട് വഴി സന്നിധാനത്തേക്ക് 13 കിലോമീറ്റർ നടക്കണം. ഈ മണ്ഡലകാലം ആരംഭിച്ചതിന് ശേഷം മൂന്ന് ശബരിമല തീർത്ഥാടകരാണ് ഈ പാതയി. കുഴഞ്ഞുവീണു മരിച്ചത്. ഇവർക്ക് ഈ പാത ദുർഘടം നിറഞ്ഞതാണ്. ഈ ശബരിമല സീസൺ ആരംഭിച്ചതിന് ശേഷം 72816 പേരാണ് ഈ പാത വഴി സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ തീർത്ഥാടക സീസണേക്കാൾ ഇരട്ടിയാണിത്. ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത്
കോഴിക്കാനം- ഉപ്പുപാറ- പുല്ലുമേട് പാത തുറന്നു കൊടുത്താൽ ഒരു തടസവുമില്ലാതെ 15,​000 മുതൽ 20,​000 വരെ തീർത്ഥാടകർക്ക് ഒരു ദിവസം സന്നിധാനത്തിലെത്താനാകുമെന്നാണ് നിഗമനം. പമ്പ വഴി വർദ്ധിച്ചു വരുന്ന തീർത്ഥാടകരുടെ തള്ളി കയറ്റം ഇല്ലാതാകും.


'മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ പരമ്പരാഗത കാനനപാത തുറന്നു നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി അനുഭാവപൂർവ്വം പരിഗണിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. പണ്ടെങ്ങോ ഉണ്ടായ ദുരന്തത്തിന്റെ പേരിൽ ഈ പാത അടച്ചിടുന്നത് ന്യായീകരിക്കാൻ കഴിയിയില്ല."

-വാഴൂർ സോമൻ എം.എൽ.എ