road

കട്ടപ്പന: താലൂക്ക് ആശുപത്രിയുടെ മുൻവശത്ത് ഇരുവശങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മലയോര ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ വഴി തിരിച്ചു വിടുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെ ഇതുവഴിയെത്തുന്നതാണ് ഗതാഗത തടസത്തിന് പ്രധാന കാരണം. മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോകുന്നത്. പൊതുവേ വീതി കുറഞ്ഞ റോഡിലൂടെ വലിയ വാഹനങ്ങൾ എത്തുന്നതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ഇന്നലെ രാവിലെയും വലിയ ഗതാഗതക്കുരുക്കാണ് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ ഉണ്ടായത്. ആശുപത്രിക്ക് മുന്നിലായി റോഡിന്റെ ഇരുവശങ്ങളിലും തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും തലവേദനയാണ്. ഇരുപതേക്കർ താലൂക്ക് ആശുപത്രി റോഡിലൂടെയുള്ള വലിയ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. തകർന്ന് കിടക്കുന്ന റോഡിന്റെ നവീകരണത്തിനായി ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച തുക എവിടെയെന്നും നാട്ടുകാർ ചോദിക്കുന്നുണ്ട്.