മറയൂർ: കനവ് പദ്ധതിയിൽ ഉൾപ്പെട്ട 43 ഗോത്ര വനിതകൾക്ക് ഡ്രൈവിംഗ് സിമുലേറ്ററിൽ പരിശീലനം നൽകി. ഡ്രൈവിംഗ് പഠനം തുടങ്ങുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഡ്രൈവിംഗ് സിമുലേറ്റർ. റോഡിൽ വാഹനം ഓടിക്കുമ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ സാഹചര്യങ്ങളും സിമുലേറ്ററിൽ ഓടിക്കുന്നയാൾക്ക് അനുഭവിച്ചറിയാൻ കഴിയും. ഡ്രൈവിംഗിൽ സംഭവിച്ചേക്കാവുന്ന തെറ്റുകൾ സ്വയം മനസിലാക്കാനും റോഡിലെ വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് ശരിയായി പ്രതികരിക്കുന്നതെങ്ങനെ എന്ന് പഠിക്കാനും ഈ സംവിധാനം സഹായകരമാകും. എറണാകുളത്ത് നിന്ന് എത്തിച്ച സിമുലേറ്ററിലാണ് പരിശീലനം നൽകിയത്. 43 പേരിൽ 28 പേർ ലേണേഴ്‌സ് ജയിച്ചിരുന്നു. ബാക്കിയുള്ളവർക്ക് ഇന്ന് ലേണേഴ്‌സ് നടന്നു. മുത്തൂറ്റ് ഹോണ്ടയുടെ സിബി ഫിലിപ് മാത്യു, അനിൽ കെ.എൻ എന്നിവർ ട്രെയിനിംഗ് നൽകി. എം.വി.ഐമാരായ ചന്ദ്രലാൽ കെ.കെ, ഫ്രാൻസിസ് എസ്,
ദീപു എൻ.കെ, എ.എം.വി.ഐ ഫവാസ് സലീം, ഡ്രൈവർ പ്രദീപ് കുമാർ, സിസ്റ്റം അസിസ്റ്റന്റ് രാജേഷ് രാജപ്പൻ എന്നിവരും പങ്കെടുത്തു.