ചെറുതോണി: മരിയാപുരം പഞ്ചായത്ത് ഒന്നാം വാർഡായ കൊച്ചുകരിമ്പൻ പ്രദേശത്തെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള ഗതാഗതപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള റിലേ നിരാഹാര സമരം 30 ദിവസങ്ങൾ പൂർത്തിയാകുന്നു. കുടിയേറ്റകാലം മുതൽ ജനവാസകേന്ദ്രമായ കൊച്ചുകരിമ്പനിൽ തൊഴിലാളികളും ചെറുകിട കർഷകരുമടക്കം മുന്നൂറിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്. വൃദ്ധർ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവരടക്കം നിരവധിപേർ ഈ മേഖലയിലുണ്ട്. 60 പതിറ്റാണ്ട് കഴിഞ്ഞ ഈ മേഖലയിലെ റോഡുകളിലൂടെ ഒരിക്കൽ പോലും വാഹനഗതാഗതം സാദ്ധ്യമാകാത്ത സാഹചര്യമാണുള്ളത്. ഇവിടെ സ്ഥിതി ചെയ്യുന്ന ഗവ. എൽ.പി സ്‌കൂൾ റോഡിന്റെ ശോചനീയാവസ്ഥ കാരണം വിദ്യാർത്ഥികൾ എത്താതെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കൂടാതെ രണ്ട് അംഗൻവാടികെട്ടിടങ്ങളും മൂന്ന് ആരാധനാലയങ്ങളും ഈ മേഖലയിൽ സ്ഥിതിചെയ്യുന്നുണ്ട്. ഒരു വീട് പണിയാൻ തന്നെ സാധനങ്ങളും മറ്റും ഇരട്ടി തുക നൽകി തലച്ചുമടായി സ്ഥലത്തെത്തിക്കേണ്ടി വരും. ഇരുപതിലധികം കുടുംബങ്ങൾ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് വാടകയ്ക്ക് പോയി. മേഖലയിലെ വികസനമുരടിപ്പ് മൂലം വിവാഹങ്ങൾ മുടങ്ങിപ്പോയ നിരവധി ചെറുപ്പക്കാർ ഇവിടെയുണ്ട്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ച് കൊച്ചുകരിമ്പൻ ജനകീയ സമിതിക്ക് രൂപം നൽകി സംഘടിതമായി റോഡിന് വേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ചത്. ആദ്യം വാട്‌സ്അപ്പ് കൂട്ടായ്മയായി ആരംഭിച്ചു. 2023 ജൂലായ് 17ന് കരിമ്പൻ എൽ.പി സ്‌കൂളിൽ ചേർന്ന പ്രതിക്ഷേധ സമ്മേളനത്തിൽ കൊച്ചുകരിമ്പൻ പ്രതിഷേധ സമിതിയ്ക്ക് രൂപം നൽകി. ശേഷം പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ നിവേദനങ്ങൾ നൽകി. പിന്നീട് ഓരോ അധികാരകേന്ദ്രങ്ങളിൽ നിന്നുള്ള നിഷ്‌ക്രിയതത്വത്തിനും അവഗണനയ്ക്കും എതിരെ പല പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു. എന്നാൽ അതിനൊന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ഡിസംബറിൽ കൊച്ചുകരിമ്പൻ ജംഗഷ്‌നിൽ റിലേ നിരാഹാരസമരം ആരംഭിച്ചത്.

29 ദിവസമായിട്ടും പരിഹാരമില്ല

ഓരോരോ ദിവസങ്ങളിലായി 29 പേർ 24 മണിക്കൂർ വീതം നിരാഹാരമനുഷ്ഠിച്ചു. കഴിഞ്ഞ ഒരാഴ്ചയായി വനിതകളാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ഇതിനോടകം ധാരാളം സംഘടനാ പ്രതിനിധികളും പൊതുപ്രവർത്തകരും സമരപ്പന്തൽ സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രശ്നം പരിഹരിക്കാൻ ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഡീൻ കുര്യാക്കോസ് എം.പി സമരപന്തൽ സന്ദർശിച്ചെങ്കിലും ഫലമുണ്ടായില്ല. ആറിന് മന്ത്രി റോഷി അഗസ്റ്റിൻ സമരസമിതിയുമായി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്.