jolly
ജലവിതരണ വകുപ്പിന്റെ പെപ്പ് പൊട്ടി വെള്ളം പാഴാകുന്നതിന് സമീപം ജോളി ഐപ്പ് സത്യാഗ്രഹമിരിക്കുന്നു

ചെറുതോണി: തടിയമ്പാട് അശോക കവലയിൽ മാസങ്ങളായി ജലവിതരണ വകുപ്പിന്റെ പെപ്പ് പൊട്ടി വെള്ളം നഷ്ടമാകുന്നതിനെതിരെ ഒറ്റയാൾ സത്യാഗ്രഹ സമരം ആരംഭിച്ച് മണിക്കൂറുകൾക്കകം അധികൃതർ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുകയും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ ചെളി തെറിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പൈപ്പ് നന്നാക്കണമെന്നാവശ്യപ്പെട്ട് കരിമ്പൻ സ്വദേശി കോച്ചേരിക്കുടിയിൽ ജോളി ഐപ്പ് ഇന്നലെ രാവിലെ 8:30 മുതൽ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. സിറ്റിസൺ ഫോറം ഇന്ത്യ പ്രസിഡന്റ് രാജു സേവ്യർ സമരം ഉദ്ഘാടനം ചെയ്തു. സമര വിവരം അറിഞ്ഞ് ജലവിതരണ വകുപ്പ് അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തൊട്ടടുത്ത ദിവസം തന്നെ പണി പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകി. ജോളി ഐപ്പുമായി കരാർ എഴുതി ഒപ്പുവെച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. സാബു രാഗധാര, ബാബു കുറ്റിപ്പാല, കുഞ്ഞ് വരകിൽ, ബിജു വള്ളാടിയിൽ, സത്യൻ പുത്തൻപുരയിൽ എന്നിവർ നേതൃത്വം നൽകി.