തൊടുപുഴ: നഗരസഭയിൽ തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്ന ഓൺലൈൻ സേവനങ്ങൾ നിറുത്തുകയും പുതിയതായി ഏർപ്പെടുത്തിയ കെ സ്മാർട്ട് പദ്ധതി നടപ്പിലാകാത്തതും മൂലം നഗരസഭയിൽ നിന്നുള്ള നിരവധി സേവനങ്ങൾ നിലച്ചതായി മുനിസിപ്പൽ കൗൺസിലർ അഡ്വ. ജോസഫ് ജോൺ ആരോപിച്ചു. സർക്കാരിന്റെ കെ സ്മാർട്ട് പദ്ധതി നഗരസഭയിൽ പ്രാവർത്തികമാക്കാതെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. തൊടുപുഴ നഗരസഭയിൽ വർഷങ്ങളായി ഇ- സേവ ആപ്പ് വഴി വിവാഹ രജിസ്‌ട്രേഷൻ, ജനന മരണ സർട്ടിഫിക്കറ്റുകൾ, നികുതി അടയ്ക്കൽ, കെട്ടിട നിർമ്മാണ പെർമിറ്റ് എന്നിവ ഓൺലൈനായി ലഭിക്കുന്നതാണ്. ഈ ആപ്പ് പെട്ടെന്ന് നിറുത്തലാക്കിയത് മൂലം സേവനങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. വിവാഹ രജിസ്‌ട്രേഷൻ കഴിഞ്ഞ് വിദേശത്തേക്ക് പോകേണ്ടവർ അവതാളത്തിലായി. സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിച്ചുകൊണ്ടിരുന്നവർക്ക് ഇപ്പോൾ അവ ലഭിക്കുന്നില്ല. പുതിയ പദ്ധതിയിലേക്ക് മാറാനുള്ള കമ്പ്യൂട്ടർവത്കരണ ജോലികൾ പൂർത്തിയാകാൻ ഇനിയും വൈകുന്നത് ഒട്ടേറെ പേർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. യഥാർത്ഥത്തിൽ തൊടുപുഴ നഗരസഭ ഡബിൾ സ്മാർട്ട് ആവുന്നതിനുപകരം മൈനസ് സ്മാർട്ട് ആവുകയാണ് ചെയ്തിരിക്കുന്നതെന്നും പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.