പീരുമേട്: പെരുവന്താനം ടി.ആർ. ആന്റ് ടീ എസ്റ്റേറ്റിന്റെ കടമാൻകുളം ഡിവിഷനിൽ കാട്ടാനക്കൂട്ടം എത്തി. വലപാലകർ ഇവയെ കാട്ടിലേക്ക് തുരുത്തിയെങ്കിലും ഉൾവനത്തിൽ പോകാതെ കറങ്ങിത്തിരിഞ്ഞ് അവിടെ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ആനകൂട്ടം തോട്ടത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കു മുമ്പ് ചെന്നാപ്പാറ, മതമ്പ, പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങി ജനങ്ങളെ ഭീതിയിലാക്കിയിരുന്നു.
കടമാൻകുളം കുപ്പക്കയം ഡിവിഷനിൽ ഒരാഴ്ച മുമ്പ് റബ്ബർ ടാപ്പിങ്ങ് ചെയ്ത ടോമി പുലിയെ കണ്ടതായി അറിയിച്ചിരുന്നു. ഇവിടെ വനപാലകർ എത്തി പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രണ്ടാഴ്ച മുമ്പ് ചെന്നപ്പാറ പ്രദേശത്ത് വനം വകുപ്പിന്റെ ക്യാമറയിൽ കടുവയെ കണ്ടു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കടുവയെ കുടുക്കാൻ കൂട് സ്ഥാപിച്ചിരുന്നു. എന്നാൽ കടുവ കൂട്ടിൽ അകപ്പെടാത്തതിനാൽ ഇവിടെ സ്ഥാപിച്ചിരുന്ന കൂട് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരികെ കൊണ്ടുപോയി.