 
 വാഹനങ്ങളുടെ മേൽ പതിക്കാതെ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
പീരുമേട്: കൊല്ലം- തേനി ദേശീയപാതയിൽ പീരുമേട് മത്തായി കൊക്കയിൽ മലമുകളിൽ നിന്ന് പാറകളും മണ്ണും റോഡിലേക്ക് പതിച്ചു. ഈ സമയം ദേശീയ പാതയിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ശബരിമല തീത്ഥാടകരുടെ വാഹനങ്ങൾ ഉൾപ്പെടെ മണിക്കൂറിൽ നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ദേശീയ പാതയിലാണ് വൻ ദുരന്തം ഒഴിവായത്. പാറയും, കല്ലും വീഴുന്നതിന് തൊട്ടുമുമ്പ് ശബരിമല തീർത്ഥാടകരുടേത് ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നുപോയിരുന്നു. ബുധനാഴ്ച വൈകിട്ട് പാമ്പനാർ, പീരുമേട് പ്രദേശങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. തുടർന്ന് പാതയുടെ മുകൾവശത്ത് മലയുടെ ചെങ്കുത്തായ പ്രദേശത്ത് കുതിർന്നിരുന്ന പാറ റോഡിലേക്ക് പതിക്കുകയായിരുന്നു. പീരുമേട് ഫയർഫോഴ്‌സ്, പൊലീസ് എന്നിവർ സ്ഥലത്തെത്തിയാണ് പാറകൾ റോഡിൽ നിന്ന് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. മത്തായി കൊക്കപ്രദേശത്ത് മുമ്പും മലയിടിച്ചിൽ ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് ഇരുന്നൂർ മീറ്റററോളം നീളത്തിൽ മണ്ണിടിച്ചിലിനും മലയിടിച്ചിലിനും സാദ്ധ്യത കൂടുതലുള്ള പ്രദേശമാണിവിടം.