anil-bibin
പരുക്കേറ്റ അനിൽ ആന്റണിയും, ബിബിൻ ജോസഫും അടിമാലി താലൂക്കാശുപത്രിയിൽ

അടിമാലി: മാങ്കുളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനധികൃത കടന്നുകയറ്റത്തിനെതിരെ പ്രതിഷേധിച്ച ജനപ്രതിനിധികളെ മർദ്ദിച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ ജോസഫിനും, മൂന്നാം വാർഡ് മെമ്പർ അനിൽ ആന്റണിക്കുമാണ് മർദ്ദനമേറ്റത്. പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിലെ പവലിയനിലെ വനംവകുപ്പിന്റെ ഇടപെടലിനെ ചോദ്യം ചെയ്തതോടെ വനംവകുപ്പുദ്യോഗസ്ഥർ മർദ്ദിക്കുകയായിരുന്നെന്ന് പരിക്കേറ്റവർ പറഞ്ഞു. ഇവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് പയോഗിച്ച് നിർമ്മിച്ച് മാങ്കുളം ഗ്രാമപഞ്ചായത്തിന് വിട്ടു നൽകിയ പവലിയനിൽ വനംവകുപ്പ് അധികൃതർ അതിക്രമിച്ചു കയറിയതിനെ ചൊല്ലിയാണ് പ്രതിഷേധമുണ്ടായത്. മാങ്കുളം ഡി.എഫ്.ഒ സുഭാഷിന്റെയും കുട്ടമ്പുഴ ആർ.ഒ ബിനീഷിന്റെയും നേതൃത്വത്തിലെത്തിയ വനപാലക സംഘമാണ് പവലിയനിൽ പ്രവേശിച്ചത്. പവലിയൻ സംബന്ധിച്ച് വനംവകുപ്പ് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആക്ഷേപം. ഗ്രാമപഞ്ചായത്തിനെതിരെ കേസെടുക്കുമെന്ന നിലപാടിലായിരുന്നു വനംവകുപ്പ് സംഘം. ഇതോടെ ഗ്രാമപഞ്ചായത്ത് അംഗങ്ങളും പ്രദേശവാസികളും പ്രതിഷേധവുമായി പവലിയനിലേക്ക് എത്തി. ഇതിനിടെയാണ് ജനപ്രതിനിധികൾക്ക് മർദ്ദനമേറ്റത്. തുടർന്ന് മാങ്കുളം ടൗണിൽ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. ഉന്നത ഉദ്യോഗസ്ഥർ എത്തണമെന്നും പരിഹാരമുണ്ടാക്കണമെന്നുമാവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത്. പ്രദേശത്ത് സംഘർഷ സാദ്ധ്യത നിലനിൽക്കുകയാണ്. എന്നാൽ എറണാകുളം ഡി.എഫ്.ഒയ്ക്ക് കിട്ടിയ പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവമെന്നും പുറമ്പോക്കിൽ ഉണ്ടാക്കിയിരുന്ന കടകൾ സംബന്ധിച്ച പ്രശ്‌നമാണ് ഇപ്പോഴുള്ളതെന്നുമാണ് വനംവകുപ്പിന്റെ നിലപാട്. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പവലിയനിൽ കടന്ന് പ്രകോപനം സൃഷ്ടിക്കുന്നെന്നായിരുന്നു നാട്ടുകാരുടെ ആരോപണം.