തൊടുപുഴ: 13 പശുക്കൾ ഒറ്റ രാത്രിയിൽ കൂട്ടത്തോടെ ചത്ത് ദുരന്തം സംഭവിച്ച വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നിയുടെ വീട്ടിൽ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. മുത്തു രാജിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി. ഇന്നലെ രാവിലെ 11.15 മണിയോടെയാണ് ഇവർ എത്തിയത്. വീട്ടുകാരോട് വിശദമായി കാര്യങ്ങൾ തിരക്കി. തൊഴുത്തും ചുറ്റ് പ്രദേശങ്ങളും സംഘം പരിശോധിച്ചു. പശുക്കൾ കഴിച്ച മരച്ചീനിയുടെ തോടിന്റെ സാമ്പിൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വേണ്ടി ശേഖരിച്ചു. മരച്ചീനി തൊണ്ട് വാങ്ങിയ വീടിന് സമീപത്തുള്ള മരച്ചീനി ഉണക്കുന്ന ഫാക്ടറിയിലും സംഘം പരിശോധനയ്ക്ക് എത്തി. ഫാക്ടറി നടത്തിപ്പുകാരനോട് വിവരങ്ങൾ തിരക്കി. ഇവിടെ നിന്ന് മരച്ചീനി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. സമീപത്ത് പറമ്പിൽ കൃഷി ചെയ്യുന്ന മരച്ചീനിയുടെയും മരച്ചീനി തണ്ടിന്റേയും സാമ്പിൾ സംഘം എടുത്തിട്ടുണ്ട്. ഇവർ ശേഖരിച്ച സാമ്പിളിന്റെ ഫലം ലാബിൽ നിന്ന് ഒരാഴ്ച കഴിഞ്ഞേ ലഭ്യമാകൂ. ഇതിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്ന് ഇവർ പറഞ്ഞു. തോട്ട വിള ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ശശാങ്കൻ വി.ആർ, റെജിൻ, സുനിൽ, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, ഇളംദേശം ബ്ലോക്ക് മെമ്പർ റെസി, കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ എന്നിവർ എത്തിയിരുന്നു.
സയനൈഡിന്റെ അംശം സ്ഥിരീകരിച്ചു
പാലോടുള്ള സംസ്ഥാന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആനിമൽ ഡിസീസിന്റെ ലാബിൽ നടത്തിയ പരിശോധനയിൽ പശുക്കളുടെ ആന്തരിക സ്രവത്തിൽ സയനൈഡിന്റെ അംശം സ്ഥിരീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ഇടുക്കി ജില്ലാ ലാബിൽ നടത്തിയ രക്ത പരിശോധനയിൽ ചത്ത പശുക്കൾക്ക് മറ്റ് രോഗങ്ങളൊന്നും കണ്ടെത്താനായില്ല.