പീരുമേട്: കുട്ടിക്കാനം പൊലീസ് അഞ്ചാം ബറ്റാലിയന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. സംസ്ഥാനത്തെ ക്രമസമാധാന പ്രവർത്തനങ്ങളിൽ ലോക്കൽ പൊലീസിന് നൽകിയ സഹായ പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവഹണം, സ്‌പെഷ്യൽ ഡ്യൂട്ടികൾ ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങൾ, പ്രകൃതിദുരന്ത മേഖലകളിലെ സേവനം, അപകടങ്ങളിലെ രക്ഷാപ്രവർത്തനങ്ങളും ഏകോപനവും, മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ, ഹരിത ചട്ടം നടപ്പാക്കൽ, ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങി വിവിധ രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഐ.എസ്.ഒ അംഗീകാരം നൽകുന്നത്. 2013 ൽ കുട്ടിക്കാനം കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച അഞ്ചാം ബെറ്റാലിയൻ ഭാഗമായി ഹൈ ആൾട്ടി റ്റിയൂഡ് ട്രെയിങ്ങ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. എസ്.പി റാങ്കിലുള്ള കമാൻഡന്റിന്റെ നേതൃത്വത്തിൽ 770 പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടുള്ളത്. മൂന്നാർ, മണിയാർ, എരുമേലി കോട്ടയം, എന്നിവിടങ്ങളിൽ ഡിറ്റാച്‌മെന്റ് ക്യാമ്പുകളും ബെറ്റാലിയന്റെ കീഴിൽ പ്രവർത്തിക്കുന്നു.