sathi
വികസിത് ഭാരത് സങ്കൽപ്പ് യാത്രയിലെ രാജാക്കാട് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: കേന്ദ്രസർക്കാരിന്റെ വികസന ജനക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര രാജാക്കാട് ഗ്രാമപഞ്ചായത്തിലെത്തി. ഫെഡറൽ ബാങ്ക് രാജാക്കാട് ശാഖയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ക്രിസ്തുരാജ് പള്ളി പാരീഷ് ഹാളിൽ ചേർന്ന സമ്മേളനം രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് രാജാക്കാട് ബ്രാഞ്ച് മാനേജർ ജോർജ് പൗലോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ രാജാക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പർ സുബീഷ് കെ.പി, യൂണിയൻ ബാങ്ക് രാജാക്കാട് ബ്രാഞ്ച് മാനേജർ അരുൺ. ആർ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജു.വി.എസ്, ബോണി പി. അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. മേരി കഹാനി മേരി ജുബാനി വിജയ കഥകൾ സംരംഭകർ പങ്കുവച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിവിധ പദ്ധതികൾ പരിചയപ്പെടുത്തി. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും പരിപാടിയിൽ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും പരിപാടിയിൽ കർഷകരെ പരിചയപ്പെടുത്തി.