തൊടുപുഴ: മാങ്കുളം, പെരുമ്പൻകുത്ത് പവലിയൻ വനഭൂമിയിലാണെന്ന് കളവു പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തേർവാഴ്ചയെ ചെറുത്തു തോൽപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിൽ അതിജീവനത്തെ തടസ്സപ്പെടുത്തിയാൽ എല്ലാവരും ഒറ്റക്കെട്ടായി സംഘടിക്കുമെന്നതിന്റെ തെളിവാണ് മാങ്കുളത്ത് ഇന്നലെയുണ്ടായ പ്രതിഷേധമെന്നും എം.പി പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികളെ കൈയേറ്റം ചെയ്തതിനു ശേഷം, തങ്ങളെ ആക്രമിച്ചുവെന്ന് കളവു പറഞ്ഞു ജനങ്ങൾക്കെതിരെ കേസെടുക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ നിലയിൽ മാങ്കുളത്തെ ജനങ്ങളെ കൂടിയിറക്കുന്നതിനായി വനം വകുപ്പ് നടത്തുന്ന ഫാസിസ്റ്റ് നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.