കുമളി: തീർത്ഥാടകർക്കായി കുമളിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. കുമളി പൊതുവേദിയിൽ ആരംഭിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു. മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി പ്രധാന ഇടത്താവളമായ കുമളി വഴി എത്തുന്ന ഭക്തർക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുമളി ഗ്രാമപഞ്ചായത്തിൽ ആരോഗ്യവകുപ്പ് അലോപ്പതി ആയുർവേദം ഹോമിയോ സിദ്ധ വിഭാഗങ്ങളെ ഏകോപിച്ചുകൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കം കുറിച്ചത്. മകരവിളക്ക് വരെ നീണ്ടുനിൽക്കുന്ന മെഡിക്കൽ ക്യാമ്പിൽ തീർത്ഥാടകർക്ക് ഡോക്ടർമാരുടെ സേവനവും മരുന്നുകളും സൗജന്യമായി ലഭിക്കും. അയ്യപ്പ ഭക്തർക്കായി ഈ മണ്ഡലക്കാലത്തിൽ മികച്ച സേവനങ്ങളാണ് കുമളി പഞ്ചായത്ത് നടപ്പിലാക്കി വരുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സിദ്ദിക്ക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കബീർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നോളി ജോസഫ്, ശാന്തി ഷാജി മോൻ, ജെ.എച്ച്.ഐ ജയകുമാർ, ആയുർവേദ ഡോക്ടർ ഇന്തു വി. സുകുമാർ, ഹോമിയോ ഡോക്ടർ സന്ധ്യ വിജയൻ, സിദ്ധ ഡോക്ടർ നീതു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.