കാഞ്ഞിരമറ്റം: ശ്രീമഹാദേവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാമഹോത്സവത്തിന്റെയും നവീകരിച്ച ശ്രീകോവിൽ സമർപ്പണത്തിന്റെയും ഭാഗമായി അലങ്കാരഗോപുരം, ആനപ്പന്തൽ, ചുറ്റമ്പലം തുടങ്ങി അനുബന്ധ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലെത്തി. കോയമ്പത്തൂരിൽ നിന്നുള്ള ഗോപി, മോഹൻ എന്നിവരുടെ നേതൃത്വത്തിൽ പന്ത്രണ്ടോളം കലാകാരന്മാർ മൂന്ന് മാസം കൊണ്ടാണ് പെയിന്റിംഗ്, ചിത്രകല ജോലികൾ പൂർത്തിയാക്കുന്നത്. ഗോപുരത്തിലെ അലങ്കാരശിൽപങ്ങൾ തനത് ശിൽപചാരുതയ്ക്ക് ഒട്ടും കോട്ടം വരാതെയാണ് ആകർഷണീയമാക്കിയിരിക്കുന്നത്. ആനപ്പന്തലിന്റെ മുകൾ ഭാഗത്തെ ചിത്രരചന ആരെയും ആകർഷിക്കും. ക്ഷേത്രത്തിൽ 14 മുതൽ 25 വരെയാണ് പുനഃപ്രതിഷ്ഠാ മഹോത്സവം. 22ന് രാവിലെ 8.15നും 9.43നും മദ്ധ്യേയുള്ള കുംഭം രാശി ശുഭമുഹൂർത്തത്തിലാണ് പ്രതിഷ്ഠ നിശ്ചയിച്ചിട്ടുള്ളത്.