പീരുമേട്: പുലിയുടെയാണെന്ന് തോന്നിക്കുന്ന കാൽപാടുകൾ പീരുമേട് മേജർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വളപ്പിനുള്ളിൽ കണ്ടു. കൊല്ലം- തേനി ദേശീയ പാതയുടെ സമീപത്താണ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൽ വന്യമൃഗത്തിന്റെ കാൽപ്പാടുകൾ കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്. മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യാഗസ്ഥർ സ്ഥലത്തെത്തി പരശോധന നടത്തി. ക്ഷേത്രത്തിൽ നാലു ഭാഗത്തായി ക്യാമറ സ്ഥാപിച്ചു. രണ്ടാഴ്ചകൾക്ക് മുമ്പ് പീരുമേട് തോട്ടാപുരക്ക് സമീപം പ്രഭാതസവാരിക്കിറങ്ങിയ ആൾ കടുവയെ നേരിൽ കണ്ടിരുന്നു. ഇന്നലെ രാവിലെ 7 മണയോടെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് അസാധാരണമാം വിധത്തിലുള്ള കാൽപാടുകൾ ക്ഷേത്രം വളപ്പിൽ മണ്ണിലും, ചുറ്റുമതിലിൽ പതിഞ്ഞ വിധത്തിലും കണ്ടത്. തുടർന്ന് ക്ഷേത്രം ഭരണസമിതി അംഗങ്ങളെ വിവരം അറിയിച്ചു. ഇവർ പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശനെ വിവരം അറിയിച്ച് സ്ഥലത്തെത്തി പരിശോധനയിൽ സംശയം തോന്നിയതോടെ വനംവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യാഗസ്ഥർ, പീരുമേട് ആർ.ആർ.ടി ടീം എന്നിവർ സ്ഥലത്തെത്തി പരശോധന നടത്തി. പുലിയുടെയോ കടുവയുടെ യോ കാൽപ്പാദം ആകാമെന്ന് മുറിഞ്ഞ പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി.ആർ. രാജീവ് പറഞ്ഞു.