തൊടുപുഴ: ഭാരതീയ പൈതൃകത്തെ നിലനിറുത്താനും വരുംതലമുറയിലേക്ക് പകർന്നുകൊടുക്കാനും നമുക്ക് കഴിയണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിന്റെ 43-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'പൈതൃകം-2024" സാംസ്‌കാരികോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം തിരിച്ചറിഞ്ഞവരാണ് ബ്രട്ടീഷുകാരെന്ന് ഗവർണർ പറഞ്ഞു. ജനങ്ങളെ അടിമകളാക്കാൻ ഈ സംസ്‌കാരം തകർക്കുന്നതുവഴി സാധ്യമാകുമെന്ന് അവർ കണ്ടെത്തി. ഇതിനുവേണ്ടിയാണ് നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന മഹത്തായ വിദ്യാഭ്യാസ സമ്പ്രദായത്തെ അവർ മാറ്റിമറിച്ചത്. ബ്രട്ടീഷുകാർ വരുന്നതിനു മുമ്പ് ഏഴ് ലക്ഷം ഗ്രാമങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നൽകിയിരുന്ന ഗുരുകുലങ്ങൾ പ്രവർത്തിച്ചിരുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിക്കാൻ ആദ്യം മാറേണ്ടത് നമ്മുടെ മനസ്സിലുള്ള അടിമത്ത മനോഭാവമാണെന്ന് 1897 ഫെബ്രുവരിയിൽ സ്വാമി വിവേകാനന്ദൻ പറഞ്ഞു. ഇതു മാറിയാൽ 50 വർഷത്തിനകം നമുക്ക് സ്വാതന്ത്ര്യം കിട്ടുമെന്ന സ്വാമി വിവേകാനന്ദന്റെ പ്രവചനം യാഥാർത്ഥ്യമായി. ഭാസിൽ രതിയുള്ളവരുടെ നാടാണ് ഭാരതം. അറിവിലാണ് ഭാരതീയർ ആഹ്ലാദം കണ്ടെത്തിയിരുന്നത്. ഇതാണ് നമ്മുടെ പൈതൃകം. 'പൈതൃകം- 2024" ന്റെ പ്രസക്തി അതാണെന്നും അദ്ദേഹം പറഞ്ഞു. ചാഴികാട്ട് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ജോസഫ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ വി.എൻ. സുരേഷ് സ്വാഗതവും വിദ്യാലയസമിതി പ്രസിഡന്റ് കെ.പി. ജഗദീശ് ചന്ദ്ര നന്ദിയും പറഞ്ഞു. മുൻ ഐ.ജി എസ്. ഗോപിനാഥ്, സ്‌കൂൾ മാനേജർ പ്രൊഫ. പി.ജി. ഹരിദാസ്, കൂത്താട്ടുകുളം ശ്രീധരീയം ഐ ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ ഡോ. എൻ. നാരായണൻ നമ്പൂതിരി എന്നിവരും പ്രസംഗിച്ചു. 'പൈതൃകം- 2024" നോടനുബന്ധിച്ച് വിപുലമായ പുരാവസ്തു ശേഖരങ്ങളുടെ പ്രദർശനവും സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ ദിവസങ്ങളിലും തനിമയാർന്ന നാടൻ കലകളുടെ അവതരണവും ഉണ്ടാകും. ഏഴിന് 'പൈതൃകം- 2024" സമാപിക്കും.