തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന വ്യാപാരി ക്ഷേമ പദ്ധതിയായ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് ഹാളിൽ വച്ച് ഒമ്പതിന് രാവിലെ 11.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുമെന്ന് വ്യാപാരികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ, വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, ട്രഷറർ ആർ. രമേശ്, വൈസ് പ്രസിഡന്റുമാരായ സിബി കൊല്ലംകുടി, വി.കെ. മാത്യു, തങ്കച്ചൻ കോട്ടയ്ക്കകം, പി.എം. ബേബി, സി.കെ. ബാബുലാൽ, ആർ. ജയശങ്കർ, ഷിബു എം. തോമസ്, സെക്രട്ടറിമാരായ വി.ജെ. ചെറിയാൻ, പി.കെ. ഷാഹുൽഹമീദ്, ഷാജി കാഞ്ഞമല, ജോസ് കുഴികണ്ടം, വി.എസ്. ബിജു, പി.കെ. മാണി, ഭദ്രൻ എൻ എന്നിവരും ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും ജില്ലാ കൗൺസിൽ അംഗങ്ങളും പങ്കെടുക്കും. ജില്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 8000 അംഗങ്ങൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള വെൽഫെയർ സൊസൈറ്റിയിലെ അംഗങ്ങളിൽ ആരെങ്കിലും മരണപ്പെടുമ്പോൾ അഞ്ച് ലക്ഷം രൂപ കുടുംബത്തിന് ധനസഹായം നൽകുന്ന പദ്ധതിയാണ് കാരുണ്യം. ഒരു അംഗം മരണപ്പെടുമ്പോൾ മറ്റെല്ലാ അംഗങ്ങളും 100 രൂപ വീതം വെൽഫെയർ സൊസൈറ്റിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പദ്ധതിയാണിത്. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന പണമാണ് കാരുണ്യം പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. മരണാനന്തര സഹായം കൂടാതെ ഗുരുതരമായി രോഗം ബാധിക്കുന്ന അംഗങ്ങൾക്കും ധനസഹായം നൽകാൻ പദ്ധതിയുണ്ട്. 2023 ഡിസംബർ ഒന്നിന് പദ്ധതി ആരംഭിച്ചതിന് ശേഷം ഒരു അംഗം മരണപ്പെടുകയുണ്ടായി. പരേതന്റെ കുടുംബത്തിനുള്ള ധനസഹായം ഉദ്ഘാടന യോഗത്തിൽ കുടുംബത്തിന് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ,​ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ,​ വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്,​ ചെയർമാൻ സിബി കൊല്ലംകുടി,​ ട്രഷറർ ആർ.രമേശ്,​ വൈസ് പ്രസിഡന്റുമാരായ പി.എം. ബേബി,​ ജയശങ്കർ, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് അജീവ് പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.