അടിമാലി: കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് മാങ്കുളത്ത് ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തും. കഴിഞ്ഞ ദിവസം മാങ്കുളം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പവിലിയനിൽ വനം വകുപ്പ് സംഘം അതിക്രമിച്ച് കയറുകയും കേസെടുക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഭരണസമിതി അംഗങ്ങളും നാട്ടുകാരും പ്രതിഷേധവുമായെത്തി. പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ ജോസഫിനും മൂന്നാം വാർഡ് മെമ്പർ അനിൽ ആന്റണിക്കും മർദ്ദനമേറ്റതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. തുടർന്ന് നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെത്തിയ വാഹനങ്ങൾ തടഞ്ഞിട്ടു. ഗ്രാമപഞ്ചായത്തിലെ പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ച് മാങ്കുളം ഗ്രാമപഞ്ചായത്തിന് വിട്ടു നൽകിയ പവലിയനിലാണ് വനംവകുപ്പ് അധികൃതർ അതിക്രമിച്ചു കയറിയത്. മാങ്കുളം ഡി.എഫ്.ഒ സുഭാഷിന്റെയും കുട്ടമ്പുഴ ആർ.ഒ ബിനീഷിന്റെയും നേതൃത്വത്തിലെത്തിയ വനപാലക സംഘമാണ് പവലിയനിൽ പ്രവേശിച്ചത്. പവലിയൻ സംബന്ധിച്ച് വനംവകുപ്പ് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ മുമ്പോട്ട് വയ്ക്കുന്നുവെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആക്ഷേപം. ഗ്രാമ പഞ്ചായത്തിനെതിരെ കേസെടുക്കുമെന്ന നിലപാടിലായിരുന്നു സംഘം. ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഹർത്താലിന് തീരുമാനമെടുത്തത്. ജനപ്രതിനിധികൾക്കും നാട്ടുകാർക്കുമെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുത്തുവെന്നു വനംവകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ ദുർബ്ബല വകുപ്പുകളിട്ടാണ് പൊലീസ് കേസെടുത്തതെന്നും ആക്ഷേപമുണ്ട്.

ഇന്നലെ രാത്രി മാങ്കുളത്ത് നാട്ടുകാർ പന്തംകൊളുത്തി പ്രകടനം നടത്തി.