അടിമാലി: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പരിശീലകൻ പോലുമില്ലാതെ മത്സരിച്ച അടിമാലി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ എ ഗ്രേഡ് നേടി. അറബനമുട്ടിലാണ് സ്‌കൂൾ സമാനതകളില്ലാത്ത വിജയം നേടിയത്. 'മൗലാന' എന്നു തുടങ്ങുന്ന രീഫാഈകുത്ത് റാത്തീബിലെ വരികളാണ് ഇവർ മത്സരത്തിനായി ഉപയോഗിച്ചത്. അൽഫാസ് സുബൈർ, അഷ്‌കർ ഷാൻ, അൻഫാസ് സിദ്ദീഖ്, ഫാറൂഖ് അബ്ദുല്ല, അസ്‌ലം ഫൈസൽ, സൽമാൻ ജബ്ബാർ, ആദിൽ, അൻഫർ യൂസഫ്, മാഹിൻ അലിയാർ, അഫിൻ ഷംസുദ്ദീൻ, സബ്സ്റ്റിറ്റിയൂഷനായി എത്തിയ അൽത്താഫ് കെ.എൻ എന്നിവരടങ്ങുന്ന ടീമാണ് മത്സരിച്ചത്. പരിശീലനത്തിനായി വിദഗ്ദ്ധനായ ഒരു പരിശീലകനെ കുട്ടികൾക്ക് ലഭിച്ചില്ല. എന്നാൽ മത്സരിക്കണമെന്ന അതിയായ ആഗ്രഹം മനസുകളിൽ നിറഞ്ഞതോടെ പരിശീലകൻ ഇല്ലാത്തത് ഇവർക്ക് വെല്ലുവിളിയായി മാറിയില്ല. അടിമാലിയിൽ നടന്ന ഉപജില്ലാ മത്സരത്തിലും കട്ടപ്പനയിൽ നടന്ന ജില്ലാതല മത്സരത്തിലും ഇവർ വിജയം ചൂടിയതോടെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ ഇവർക്ക് അവസരം ലഭിച്ചു. സ്‌കൂൾ അധികൃതരും പി.ടി.എയും ശക്തമായ പിന്തുണ നൽകി കൂടെ നിന്നതും ഇവർക്ക് പിൻബലമായി. വൈകിട്ട് മൂന്നിന് തുടങ്ങേണ്ട മത്സരം രാത്രി 11നാണ് പൂർത്തിയാക്കാനായത്.