
മൂന്നാർ: 11കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ജാർഖണ്ഡ് സ്വദേശി പിടിയിൽ. ജാർഖണ്ഡ് സ്വദേശിയായ സെലയ് (35) ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലേയ്ക്ക് കടക്കാൻ ശ്രമിയ്ക്കവേയാണ് പ്രതി പിടിയിലാവുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയെ പ്രതിയും ഭാര്യയും കൊടുംകാട്ടിൽ കഴിഞ്ഞത് അഞ്ച് ദിവസമാണ്. കഴിഞ്ഞ ഡിസംബർ 31 നാണ് കേസിനാസ്‌പദമായ സംഭവം. മൂന്നാർ ചിറ്റുവാരെ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന സെലയ്, സമീപത്തെ വീട്ടിൽ ഒറ്റയ്ക്കിരുന്ന കുട്ടിയെ കാട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വയറ് വേദന അനുഭവപ്പെട്ട കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും ഇവർ പൊലീസിൽ അറിയിക്കുകയുമായിരുന്നു. ഇതോടെ സെലയ് ഭാര്യയുമൊത്ത് ഒളിവിൽ പോയി. പുലിയും കടുവയും ആനയും അടക്കമുള്ള കാട്ടിലേയ്ക്ക് കടന്ന ഇവർ അഞ്ച് ദിവസത്തോളം കൊടുംകാട്ടിൽ തങ്ങി. പൊലീസ് ലുക് ഔട് നോട്ടീസ് പുറപ്പെടുവിയ്ക്കുകയും നാട്ടുകാരുടെയും തോട്ടം തൊഴിലാളികളുടെയും സഹായത്തോടെ പല മേഖലകളിലും തെരച്ചിൽ നടത്തി. ബസ് മാർഗം തമിഴ്‌നാട്ടിലേയ്ക്ക് കടക്കാൻ ശ്രമിയ്ക്കുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഭാര്യയെ ബസിൽ നിന്ന് പിടികൂടി. ഇയാൾ ബസിൽ നിന്ന് ഇറങ്ങി ബോഡിമെട്ട് റോഡിലൂടെ കാട്ടിലേക്ക് ഓടി രക്ഷപെട്ടു. തുടർന്ന് നാട്ടുകാരുടെയും എക്‌സൈസ് സംഘത്തിന്റെയും തമിഴ്‌നാട് പൊലീസിന്റെയും സഹായത്തോടെയാണ് മൂന്നാർ പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്തു.