തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിൽ വരുന്ന ദിവസം തന്നെ ജില്ലയിൽ എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചതും പരിപാടിയുമായി മുന്നോട്ടു പോകാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചതും ഒമ്പതിന് സ്ഥിതി കലുഷിതമാക്കും. ഗവർണർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് ഇന്നലേയും അറിയിച്ചത്. പരമാവധി ആളുകളെ എത്തിക്കാൻ വ്യാപാരികൾ ശ്രമിക്കുമ്പോൾ ഇതിന് തടയിടാൻ പാർട്ടി പ്രവർത്തകരും ഇറങ്ങും. ഇത് ഹർത്താൽ ദിനത്തിൽ തൊടുപുഴയിൽ വലിയ പ്രശ്‌നം സൃഷ്ടിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കടക്കം ആശങ്കയുണ്ട്.
ഭൂമിപതിവ് ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെതിരെയാണ് എൽ.ഡി.എഫ് പതിനായിരങ്ങളെ അണിനിരത്തി രാജ്ഭവൻ മാർച്ച് നടത്താൻ തീരുമാനിച്ചത്. എന്നാൽ അതേ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ തീയതി ഉറപ്പിക്കുകയായിരുന്നു. ഇതാണ് എൽ.ഡി.എഫ് നേതാക്കളെ പ്രകോപിപ്പിച്ചത്. രാജ്ഭവൻ മാർച്ച് തീരുമാനിച്ച ദിവസംതന്നെ തൊടുപുഴയിൽ ഗവർണറെ ക്ഷണിച്ച് ആദരിക്കാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം പ്രതിഷേധാർഹമാണെന്നാണ് നേതാക്കൾ പറയുന്നത്. ഗവർണറുടെ പരിപാടി ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സമൂഹത്തോട് നേതാക്കൾ അഭ്യർത്ഥിച്ചു. തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ ജനങ്ങൾ ഹർത്താലിലൂടെ മറുപടി നൽകുമെന്നും നേതാക്കൾ പറഞ്ഞു. ജില്ലയിലെ വ്യാപാരി സമൂഹത്തിന്റെ പ്രശ്‌നങ്ങളും പരിഹരിക്കാൻ ഉപകരിക്കുന്ന ഭേദഗതിയാണ് നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. ബില്ലിന് അംഗീകാരം നൽകാത്ത ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധിക്കാനുള്ള ഉത്തരവാദിത്വം വ്യാപാരികൾക്കുണ്ട്. വ്യാപാരി സമൂഹത്തിന്റെ നടപടിക്കെതിരെ ശക്തമായ പ്രധിഷേധം രേഖപ്പെടുത്താനാണ് എൽ.ഡി.എഫ് തീരുമാനം. എട്ടിന് വൈകിട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനങ്ങളും സമ്മേളനങ്ങളും നടക്കുമെന്നും നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.വി. മത്തായി, കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ.ഐ. ആന്റണി, ഐ.എൻ.എൽ നേതാവ് എൻ.എൻ. സുലൈമാൻ, എൻ.സി.പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലായ്ക്കൽ എന്നിവർ പങ്കെടുത്തു.
പരിപാടി നിശ്ചയിച്ച പോലെ നടക്കുമെന്ന് വ്യാപാരികൾ
നിശ്ചയിച്ച പോലെ തന്നെ ഒമ്പതിന് വ്യാപാരികളുടെ പരിപാടി നടക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ പറഞ്ഞു. കഴിഞ്ഞ നവംബർ ആറിനാണ് തങ്ങൾ ഗവർണറെ ക്ഷണിച്ചതും ഡിസംബറിൽ ഒരു തീയതി നൽകണമെന്ന് അഭ്യർത്ഥിച്ചതും. എന്നാൽ ജനുവരി രണ്ടാം തീയതിയാണ് ഗവർണറുടെ ഓഫീസിൽ നിന്ന് ഒമ്പതിന് പങ്കെടുക്കാമെന്ന് അറിയിപ്പ് ലഭിക്കുന്നത്. സ്വകാര്യ ആഡിറ്റോറിയത്തിൽ നടക്കുന്ന ഒരു ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്. ഗവർണർ പങ്കെടുക്കുന്നു എന്ന ഒറ്റക്കാരണത്താൽ ഒരു ജീവകാരുണ്യ പരിപാടിയെ എതിർക്കുന്നത് ശരിയാണോ എന്ന് എല്ലാവരും പുനർവിചിന്തനം നടത്തണമെന്നാണ് തങ്ങൾക്ക് അഭ്യർത്ഥിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.