
തൊടുപുഴ: എൽ.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് നടത്താൻ തീരുമാനിച്ച ജനു.ഒമ്പതിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് ഗവർണർ തൊടുപുഴയിലേക്ക്. ഇതിൽ പ്രതിഷേധിച്ച്
ജില്ലയിൽ അന്ന് എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. പരിപാടി ഒഴിവാക്കണമെന്ന് എൽ.ഡി.എഫ്. നേതാക്കൾ വ്യാപാരി സമൂഹത്തോട് അഭ്യർത്ഥിച്ചു. നിശ്ചയിച്ചപോലെ ഒമ്പതിന് പരിപാടി നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിൽ നടപ്പിലാക്കുന്ന കാരുണ്യം കുടുംബ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനമാണ് രാവിലെ 11.30ന് തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടക്കുന്നത്.
ഭൂമിപതിവ് ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെതിരെയാണ് ജില്ലയിൽ നിന്ന് പതിനായിരങ്ങളെ അണിനിരത്തി എൽ.ഡി.എഫ് രാജ്ഭവൻ മാർച്ച് നടത്തുന്നത്. അതേ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ തീയതി നൽകുകയായിരുന്നു. ആ ദിവസം ഗവർണറെ ക്ഷണിച്ച് ആദരിക്കാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ.ശിവരാമൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി. മത്തായി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ ജനങ്ങൾ ഹർത്താലിലൂടെ മറുപടി നൽകും. എട്ടിന് വൈകിട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനങ്ങളും സമ്മേളനങ്ങളും നടക്കുമെന്നും നേതാക്കൾ പറഞ്ഞു.
നവംബർ ആറിനാണ് ഗവർണറെ ക്ഷണിച്ചതെന്നും ഡിസംബറിലെ തീയതി നൽകണമെന്നാണ് അഭ്യർത്ഥിച്ചതെന്നും വ്യാപാരികൾ വ്യക്തമാക്കി. ജനുവരി രണ്ടാം തീയതിയാണ് ഗവർണറുടെ ഓഫീസിൽ നിന്ന് ഒമ്പതിന് പങ്കെടുക്കാമെന്ന് അറിയിച്ചത്. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്. ഗവർണർ പങ്കെടുക്കുന്നു എന്ന ഒറ്റക്കാരണത്താൽ ജീവകാരുണ്യ പരിപാടിയെ എതിർക്കുന്നത് ശരിയാണോയെന്ന് വ്യാപാരികൾ ചോദിക്കുന്നു.
നയപ്രഖ്യാപനം
നടത്തും:ഗവർണർ
തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നയപ്രഖ്യാപനം ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും അത് നിർവഹിക്കുമെന്നും വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോടു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിൽ എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്. ഗവർണറുടെ സഞ്ചാരപാത പൊലീസ് മാറ്റുന്നത് അവരുടെ തീരുമാനം അനുസരിച്ചാണ്. പൊലീസ് എൽ.ഡി.എഫ് സർക്കാരിന് കീഴിലാണ്. തനിക്കെതിരെ പ്രതിഷേധിക്കുന്നത് സർക്കാരിന്റെ ആളുകളാണ്. പിന്നെ എന്തിനാണ് ഈ നാടകമെന്നും ഗവർണർ ചോദിച്ചു.