mltm
പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം സാഹിത്യകാരനും 28 വർഷം സ്‌കൂളിൽ അദ്ധ്യാപകനുമായിരുന്ന എസ്. ബാലകൃഷ്ണ പണിക്കർ നിർവ്വഹിക്കുന്നു

മൂലമറ്റം: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ 'ഓർമ്മയിൽ 65 വർഷം" പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം സാഹിത്യകാരനും പ്രഭാഷകനും 28 വർഷം സ്‌കൂളിൽ അദ്ധ്യാപകനുമായിരുന്ന എസ്. ബാലകൃഷ്ണ പണിക്കർ നിർവ്വഹിച്ചു. സ്‌കൂൾ ആരംഭിച്ച 1958 മുതൽ അദ്ധ്യാപകനായിരുന്ന വിക്രമ കൈമൾ അദ്ധ്യക്ഷനായിരുന്നു. പൂർവ്വ അദ്ധ്യാപകൻ മുണ്ടമറ്റം രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ തുടങ്ങാൻ കാരണക്കാരായ അറക്കുളം പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കെ.എം. വർക്കി കിഴക്കേക്കര, അറക്കുളം ഗോപി പുതിയകുന്നേൽ എന്നിവരുടെ ചിത്രങ്ങൾ എസ്. ബാലകൃഷ്ണ പണിക്കർ, വിക്രമ കൈമൾ എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്തു. പൂർവ്വ വിദ്യാർത്ഥിയും അറക്കുളം പഞ്ചായത്ത് പ്രസിഡന്റുമായ കെ.എസ്. വിനോദ് ഹാരാർപ്പണം നടത്തി. പതിനായിരക്കണക്കിന് വിദ്യാർത്ഥികളിൽ അറിവിന്റെ വെളിച്ചം പകർന്ന പൂർവ്വ അദ്ധ്യാപിക പ്രഭാവതി ടീച്ചർ ഭദ്രദീപം തെളിയിച്ചു. തുടർന്ന് സരസ്വതി ക്ഷേത്രത്തിന്റെ തിരുമുറ്റത്തെ വേദയിൽ പൂർവ്വ വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ ഗുരുക്കന്മാരുടെ പാദങ്ങളിൽ പുഷ്പമിട്ട് നമസ്‌കരിച്ച ചടങ്ങ് വളരെ പവിത്രവും പുതിയ തലമുറയെ ഗുരു ശിഷ്യ ബന്ധത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടുത്തുന്നതുമായ ചടങ്ങായി മാറി. 1961ൽ തന്നെ പഠിപ്പിച്ച കൈമൾ സാറിനെ പുഷ്പമിട്ടു വണങ്ങിയ 77 വയസുകഴിഞ്ഞ റവ. ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിലിനെ വിക്രമ കൈമളിനെ നെഞ്ചോടു ചേർത്തു പുണർന്നു. തുടർന്ന് ഗിന്നസ് വേൾഡ് അവാർഡ് നേടിയ എം.ജി. വിജയനെ ഷാൾ അണിച്ച് ആദരിച്ചു. വിജയൻ സ്റ്റേജിൽ വിസിൽ മ്യൂസിക് അവതരിപ്പിച്ചു. റിട്ട. ലെഫ്. കേണൽമാരായ വനജ നായർ, വി.ജി. ജോർജ്ജ്, കേരള ഫെൻസിംഗ് അസോസിയേഷൻ മുൻ സെക്രട്ടറി എം.എസ്. പവനൻ, ശോഭാ നായർ എന്നിവരെ പൂർവ്വാദ്ധ്യപകൻ മുണ്ടമറ്റം രാധാകൃഷ്ണൻ നായർ ഷാൾ അണിയിച്ച് ആദരിച്ചു. പന്തലും സ്റ്റേജും സ്‌പോൺസർ ചെയ്ത പൂർവ്വ വിദ്യാർത്ഥി എം.ഡി. സെബാസ്റ്റ്യൻ നൽകിയ 60,000 രൂപയുടെ ചെക്ക് വേദിയിൽ പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് കൺവീനർ പ്രകാശ് ജോർജ്ജിന് കൈമാറി. എം.എസ്. പവനൻ സ്വാഗതവും വി.ജി. ജോർജ്ജ് നന്ദിയും പറഞ്ഞു.