രാജാക്കാട്: ജനുവരി 11 മുതൽ നടക്കുന്ന അന്താരാഷ്ട്ര കായിക സമ്മേളനത്തിന്റെ ഭാഗമായി സമ്മേളനത്തിന് മുന്നോടിയായി പഞ്ചായത്തിന്റെ സമഗ്ര കായികവികസനം സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുന്നതിനായി രാജാക്കാട് പഞ്ചായത്ത് തല സ്‌പോർട്‌സ് സമ്മിറ്റ് നടത്തി. ഒരു പഞ്ചായത്ത്,​ ഒരു കായിക പദ്ധതി എന്നീ മുദ്രാവാക്യവുമായാണ് മുൻഗണനാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. രാജാക്കാട് പഞ്ചായത്തിലെ മിനി സ്റ്റേഡിയത്തിൽ വോളിബോൾ, ത്രോബോൾ, ഷട്ടിൽ പരിശീലനത്തിനുള്ള മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം എന്നിവ നിർമ്മിക്കുന്നതിനും പഞ്ചായത്തിൽ സൗകര്യപ്രദമായ സ്ഥലത്ത് നീന്തൽക്കുളം നിർമ്മിച്ച് നീന്തൽ പരിശീലനത്തിനും മത്സരങ്ങൾക്കും സൗകര്യമുണ്ടാക്കാനും വേണ്ട പ്രോജക്ടുകൾ സമർപ്പിക്കാൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വീണാ അനൂപ് അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എൻ.പി ഷൈൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസർ ദീപ്തി മരിയ ജോസ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ മെമ്പർ എ. സുനിൽകുമാർ, എ. സുനീഷ്, ഷിബു കാനാട്ട്, ഷർമിള ബാധുരി മനോജ്, ടൈറ്റസ് ജേക്കബ്ബ്, ജജോ, ബൈജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബെന്നി പാലക്കാട്ട്, ബിജി സന്തോഷ്, ടി.കെ. സുജിത് എന്നിവർ പ്രസംഗിച്ചു