തൊടുപുഴ: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ കുടിശ്ശികയുള്ളവർക്ക് അംഗത്വം പുനഃസ്ഥാപിച്ചു നൽകുന്നു.
അംശാദായം അടയ്ക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം ജനുവരി 31 വരെ പുനഃസ്ഥാപിക്കാം. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും. 60 വയസ്സ് പൂർത്തിയായ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്ക്കുന്നതിനും അംഗത്വം പുനഃസ്ഥാപിക്കുന്നതിനും സാധിക്കില്ല. സർക്കാർ ഉത്തരവ് പ്രകാരം കുടിശ്ശിക നിവാരണം ചെയ്ത് അംഗത്വം പുനഃസ്ഥാപിക്കുന്ന അംഗങ്ങൾക്ക് കുടിശ്ശിക കാലഘട്ടത്തിൽ അവർക്കുണ്ടായ പ്രസവം, ചികിത്സ, വിവാഹം, വിദ്യാഭ്യാസ അവാർഡ് എന്നീ ക്ഷേമാനുകൂല്യങ്ങൾക്ക് അർഹത ഉണ്ടായിരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04862235732.