മുട്ടം: മഴ ശക്തമായി തുടരുന്ന സാഹചര്യമുണ്ടായാൽ മലങ്കര അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്താൻ ജില്ലാ കളക്ടർ എം.വി.ഐ.പി അധികൃതർക്ക് അനുമതി നൽകി. മഴ ശക്തമായെങ്കിൽ മാത്രമേ ഷട്ടറുകൾ ഉയർത്തൂവെന്നും ഈ സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴയാറിന്റെ തീരങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും എം.വി.ഐ.പി അധികൃതർ അറിയിച്ചു. എന്നാൽ ഇന്നലെ രാത്രി ഒമ്പത് വരെയും ഷട്ടറുകൾ ഉയർത്തിയിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് തുടർച്ചയായി വൈകുന്നേരങ്ങളിൽ മലങ്കര അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമാണ്. തുടർന്ന് എം.വി.ഐ.പി അധികൃതർ ഷട്ടർ ഉയർത്തുന്നതിനുള്ള അനുമതിയ്ക്ക് വേണ്ടി കളക്ടർക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. വേനൽ കനത്തതിനാലും മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉത്പാദനം കുറച്ചതിനാലും ഏതാനും മാസങ്ങളായിട്ട് മലങ്കര അണക്കെട്ടിൽ ജല നിരപ്പ് 36 മീറ്ററായി താഴ്ന്നിരുന്നു. തുടർന്ന് അണക്കെട്ടിലെ ആറ് ഷട്ടറുകളും പൂർണ്ണമായും താഴ്ത്തിയ അവസ്ഥയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്ന് വെള്ളം തുറന്ന് വിടുന്നത് കൂട്ടിയതിനാൽ അണക്കെട്ടിൽ 39.40 മീറ്ററായി ജലനിരപ്പ് ഉയർന്നു. തുടർന്ന് മലങ്കരയിലെ ഇടത്, വലത് കനാലുകളിലൂടെ വെള്ളം കടത്തി വിടുകയും ചെയ്തിരുന്നു.