harthal
മാങ്കുളം ജനകീയ സമിതി നടത്തിയ ഹർത്താലിനോടനുബന്ധിച്ച് നടത്തിയ മാർച്ച് പൊലീസ് തടയുന്നു

അടിമാലി: മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിലെ പവലിയനിൽ വനംവകുപ്പ് അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചും ജനപ്രതിനിധികളെ വനംവകുപ്പുദ്യോഗസ്ഥർ ആക്രമിച്ചുവെന്നാരോപിച്ചും മാങ്കുളം ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. ജനകീയ സമിതി വിരിപാറ ഡി.എഫ്.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ഹർത്താലിൽ കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞ് കിടന്നു. നിരത്തുകളും ഏറെക്കുറെ വിജനമായ അവസ്ഥയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിലനിൽക്കുന്ന പ്രതിഷേധം ഇന്നലെയും തുടർന്നു. പ്രതിഷേധ സൂചകമായി മാങ്കുളം ജനകീയ സമിതി മാങ്കുളത്ത് ഇന്നലെ രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. തോട്ടങ്ങളിൽ തൊഴിലെടുക്കുന്നവർ പണിക്കിറങ്ങിയില്ല. വിനോദ സഞ്ചാര മേഖല പാടെ സ്തംഭിച്ചു. ജനകീയ സമിതി വിരിപാറ ഡി.എഫ്.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ആയിരത്തോളം ജനങ്ങൾ അണിനിരന്നു. ഡി.എഫ്.ഒ ഓഫീസ് പരിസരത്ത് പൊലീസ് പ്രതിഷേധ മാർച്ച് തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്നു. വൻ പൊലീസ് സന്നാഹം ഡി.എഫ്.ഒ ഓഫീസ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത സജീവൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
മാങ്കുളം സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു കരോട്ട് കൊച്ചറക്കൽ അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി ഭാരവാഹികൾ, വ്യാപാരി സംഘടനാ ഭാരവാഹികൾ, സാമുദായിക സംഘടനാ ഭാരവാഹികൾ, മറ്റിതര കർഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. വെള്ളിയാഴ്ചയും മാങ്കുളത്ത് പ്രതിഷേധം അരങ്ങേറിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നടന്ന പന്തംകൊളുത്തി പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. വ്യാഴാഴ്ചയായിരുന്നു പെരുമ്പൻകുത്തിലെ പവലിയനിൽ വനംവകുപ്പ് അവകാശവാദമുന്നയിച്ചെത്തിയതും തുടർന്ന് ജനകീയ പ്രതിഷേധത്തിലേക്ക് സംഭവം വഴിമാറിയതും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപടെയുള്ള ജനപ്രതിനിധികളെ മർദ്ദിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം,​ ജനവാസ മേഖലയിലേക്കുള്ള വനംവകുപ്പിന്റെ അനാവശ്യമായ കടന്ന് കയറ്റം അവസാനിപ്പിക്കുക,​ ജനവിരുദ്ധ പ്രവർത്തികൾക്ക് നേതൃത്വം നൽകുന്ന ഡി.എഫ്.ഒയെ സ്ഥലം മാറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്.