തൊടുപുഴ/പീരുമേട്: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിൽ വ്യാപക പ്രതിഷേധം. ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ വണ്ടിപ്പെരിയാർ ഡിവൈ.എസ്.പി ഓഫീസിൽ മണിക്കൂറുകളോളം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇരയുടെ കുടുംബത്തിന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്നലെ വൈകിട്ട് അഞ്ചരയോടെ സമരം ആരംഭിച്ചത്. തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി നിഷാദ് മോന്റെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ച നടന്നു. ഇരയുടെ മാതാപിതാക്കൾക്ക് രണ്ട് പൊലീസുകാർ പൂർണസമയവും സുരക്ഷ നൽകാമെന്ന് ജില്ലാ പൊലീസ് മേധാവി എം.പിയ്ക്ക് ഉറപ്പ് നൽകി. ഇതേ തുടർന്ന് രാത്രി ഏഴരയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. നേതാക്കളായ എം. ലിജു, പഴകുളം മധു, വി.ടി. ബൽറാം, വി.പി. സജീന്ദ്രൻ, റോയി കെ. പൗലോസ് എന്നിവർ നേതൃത്വം നൽകി.

ഇരയുടെ കുടുംബത്തിന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി,​ സി.പി.ഐ അടക്കമുള്ള രാഷ്ട്രീയപാർട്ടികളും രംഗത്തെത്തി. ഇന്നലെ രാവിലെ പത്തരയോടെ വണ്ടിപ്പെരിയാർ ടൗണിലെ പശുമല ജംഗ്ഷനിൽ വച്ചാണ് അർജ്ജുന്റെ പിതാവിന്റെ അനിയൻ പാൽരാജ് (46) ഇരയുടെ അച്ഛനെയും മുത്തച്ഛനെയും കുത്തിപരിക്കേൽപ്പിച്ചത്. പിതാവിന്റെ ഇരുകാലുകളുടെയും തുടയ്ക്കാണ് പരിക്കേറ്റത്. നെഞ്ചത്തും തോളിനും പരിക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മുത്തച്ഛന് തോളിനും ഇരുമുട്ടുകൾക്കും പരിക്കുണ്ട്. ആക്രമണ ശേഷം രക്ഷപ്പെട്ട പ്രതിയെ പീരുമേട് പൊലീസ് പിടികൂടി വണ്ടിപ്പെരിയാർ പൊലീസിന് കൈമാറി.

അപ്പീൽ പോകുന്നത് പ്രതിയ്ക്ക് ഗുണകരമാകും: മാത്യു കുഴൽനാടൻ

വണ്ടിപ്പെരിയാർ കേസിലെ കട്ടപ്പന അതിവേഗ കോടതിയുടെ വിധിക്കെതിരെ നിലവിലെ കുറ്റപത്രവും തെളിവുകളുമായി അപ്പീൽ പോകുന്നത് പ്രതിക്കാണ് ഗുണകരമാവുകയെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന അപ്പീൽ ഡി.വൈ.എഫ്.ഐക്കാരനായ പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. പ്രഗത്ഭനായ ഒരു പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് കേസിൽ പുനരന്വേഷണം നടത്തി പഴുതടച്ച പുതിയ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുള്ള നടപടിയാണ് സർക്കാർ ചെയ്യേണ്ടത്. കുട്ടിയുടെ ജീവൻ നഷ്ടമായിട്ടുപോലും പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താൻ സർക്കാരിനായിട്ടില്ല. കേസ് അട്ടിമറിക്കാൻ തുടക്കം മുതലേ ശ്രമം നടന്നിരുന്നു. കുട്ടിയുടെ പോസ്റ്റുമോർട്ടം ഒഴിവാക്കാൻ പ്രതി തന്നെ പല പരിശ്രമങ്ങളും നടത്തി. ഇതിന് വാഴൂർ സോമൻ എം.എൽ.എ.യും കൂട്ടുനിന്നു. കുറ്റകൃത്യം നടന്നശേഷമുള്ള നിർണായകമായ ആദ്യ മണിക്കൂറുകളിൽ തെളിവുകൾ ശേഖരിക്കാൻ പൊലീസിനുണ്ടായ വീഴ്ചയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. കേസ് വിവാദമായതോടെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ജില്ലാ പൊലീസ് മേധാവി ജില്ലയിൽ നിന്നുള്ള മൂന്ന് പ്രമുഖ അഭിഭാഷകരുടെ പേരുകൾ സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു. എന്നാൽ അവരെയൊന്നും പരിഗണിക്കാതെ ആലപ്പുഴയിൽ നിന്നുള്ള ഇടത് അഭിഭാഷക സംഘടനാ നേതാവിനെയാണ് സർക്കാർ നിയമിച്ചത്. കൂടാതെ പ്രതിക്കെതിരായ തെളിവുകൾ കോടതിയെ ബോധിപ്പിക്കുന്നതിലും പ്രോസിക്യൂഷന് വീഴ്ചയുണ്ടായി. ഇതെല്ലാം അട്ടിമറി നടന്നെന്ന സംശയം ബലപ്പെടുത്തുന്ന ഘടകങ്ങളാണ്. പെൺകുട്ടിയുടെ ബന്ധുക്കൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവും പങ്കെടുത്തു.