ഇടുക്കി: വണ്ടിപ്പെരിയാറിൽ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിന് കുത്തേറ്റ സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെ മതിയായ വകുപ്പുകൾ ചുമത്തി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാർ കേസിൽ ഇരയ്ക്ക് നീതികിട്ടാത്തത് നിർഭാഗ്യകരമാണ്. ഈ കേസിൽ പ്രതിചേർക്കപ്പെട്ട അർജ്ജുന്റെ ബന്ധുക്കളുമായി നിലനിന്നിരുന്ന തർക്കങ്ങളാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ പ്രതിയുടെ ബന്ധുവാണ് പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. മനപൂർവ്വം കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നിരിക്കുന്നത്. പെൺകുട്ടിയുടെ പിതാവിന്റെ പുറത്തും വയറിലും കുത്തേറ്റ് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ കുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വധശ്രമം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ മതിയായ വകുപ്പുകൾ ചേർത്തുകൊണ്ട് പ്രതിയ്ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇരയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഇത്തരം ആക്രമണങ്ങൾ ഇനി ആവർത്തിക്കപ്പെടരുതെന്നും
സലിംകുമാർ ആവശ്യപ്പെട്ടു.