തൊടുപുഴ: വെള്ളക്കരത്തിൽനിന്നും ബി. പി. എൽ. വിഭാഗത്തെ പൂർണ്ണമായും ഒഴിവാക്കുന്ന പദ്ധതി കൂടുതൽ സുതാര്യമാക്കി വാട്ടർ അതോറിറ്റി. ബി.പി.എൽ വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്ക് കുടിവെള്ളം സൗജന്യമായി ലഭിക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷ പുതുക്കി നൽകാനുള്ള സൗകര്യം വാട്ടർ അതോറിറ്റി ലഭ്യമാക്കി. ഇതിനായി https://kwa.kerala.gov.in/bpl-renewal / എന്ന ലിങ്കിൽ പ്രവേശിച്ച്, ബി.പി.എൽ ഉപഭോക്താക്കൾക്ക് ഫോൺ നമ്പർ, 10 അക്ക റേഷൻ കാർഡ് നമ്പർ, 10 അക്ക ഉപഭോക്തൃ ഐഡി, റേഷൻ കാർഡിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഉപഭോക്താവിന്റെ പേര് എന്നിവ നൽകി ഔദ്യോഗിക വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യാം.
അപേക്ഷയുടെ സ്ഥിതി വിവരം എസ്. എം. എസ്ആയി ലഭിക്കും. ജനുവരി 31നു മുൻപ് അപേക്ഷ പുതുക്കി നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. ആനുകൂല്യത്തിനുള്ള അപേക്ഷയ്ക്കൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ്, അവസാനം ലഭിച്ച ബില്ല്, വില്ലേജ് ഓഫിസിൽ കരം അടച്ച രസീത് എന്നിവയുടെ കോപ്പി കൂടി നൽകേണ്ടതാണ്. പ്രതിമാസ കുടിവെള്ള ഉപഭോഗം 15 കിലോ ലിറ്ററിൽ(15000 ലിറ്റർ) താഴെ ഉപഭോഗമുള്ള ബിപിഎൽകാർക്കാണ് സൗജന്യ കുടിവെള്ളം ലഭിക്കുന്നത്.
=അപേക്ഷ നൽകേണ്ട അവസാന ദിവസം: ജനുവരി 31
= ഉപഭോക്താവ് നേരിട്ടോ അക്ഷയകേന്ദ്രങ്ങൾ വഴിയോ വാട്ടർ അതോറിറ്റി സെക്ഷൻ ഓഫീസ് വഴിയോ അപേക്ഷ നൽകാം
=ട്രോൾ ഫ്രീ നമ്പർ1916